Asianet News MalayalamAsianet News Malayalam

Drug : ലഹരിപ്പാർട്ടിക്ക് പുറമെ ചൂതാട്ട കേന്ദ്രങ്ങളും, കൊച്ചിയിലെ ഫ്ലാറ്റുകളിൽ റെയ്ഡ്

ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് ചൂതാട്ട കേന്ദ്രം പ്രവർത്തിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. പിടിക്കപ്പെടാതിരിക്കാനായി പണത്തിന് പകരം എഴുതിയ പേപ്പറുകളാണ് ഉപയോഗിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 

saiju thankachan drug case  raids in kochi flats
Author
kochi, First Published Dec 5, 2021, 4:03 PM IST

കൊച്ചി: മോഡലുകളുടെ (models death) വാഹനാപകടക്കേസിലെ പ്രതി സൈജു തങ്കച്ചൻ (saiju thankachan) ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽ (drug case) പൊലീസ് ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ. ലഹരിമരുന്ന് പാർട്ടി നടന്ന കൊച്ചിയിലെ ഫ്ലാറ്റുകളിൽ പൊലീസും നാർക്കോട്ടിക് സെല്ലും പരിശോധന നടത്തി. സൗത്ത്, മരട്, തേവര, പനങ്ങാട് മേഖലകളിലാണ് പരിശോധന നടന്നത്. ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് ചൂതാട്ട കേന്ദ്രം പ്രവർത്തിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. പിടിക്കപ്പെടാതിരിക്കാനായി പണത്തിന് പകരം എഴുതിയ കാർഡുകളാണ് ഉപയോഗിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 

കൊച്ചിയിലെ ഫ്ലാറ്റുകളിലും റിസോർട്ടുകളിലും ലഹരിപ്പാർട്ടികൾ നടന്നെന്നായിരുന്നു സൈജു തങ്കച്ചന്‍റെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസും എക്സൈസും സംഘങ്ങളായി തിരിഞ്ഞ് വിവിധിയടങ്ങളിൽ പരിശോധന നടത്തിയത്. കൊച്ചി ചിലവന്നൂരിലെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിലാണ് ചൂതാട്ടകേന്ദ്രം കണ്ടെത്തിയത്. ദിവസവും നിരവധിയാളുകൾ ഇവിടെ വന്നുപോയിരുന്നതായി തിരിച്ചറിഞ്ഞു. ചൂതാട്ടത്തിൽ പണത്തിന് പകരം കാ‍ർഡുകളായിരുന്നു ഉപയോഗിച്ചിരുന്നത്. വിജയിക്കുന്നവർക്ക് അക്കൗണ്ടുകൾ വഴി പണം കൈമാറുന്ന രീതിയായിരുന്നു. വലിയ മദ്യവിതരണവും നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് പരിശോധനയ്ക്ക് എത്തുമ്പോൾ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത ടിപ്സൺ എന്നയാളും ഇവിടെയുണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്യുകയാണ്. ചൂതാട്ടത്തിനുളള സാമ്രികൾ പൊലീസ് പിടിച്ചെടുത്തു.

ഇതിന് തൊട്ടടുത്തായി സൈജു തങ്കച്ചൻ ലഹരി പാർടി നടത്തിയ ഫ്ലാറ്റിലും പരിശോധന നടത്തി. പനങ്ങാട്ടെ ചില റിസോർട്ടുകൾ , മരടിലെ ചില ഫ്ലാറ്റുകൾ( എന്നിവടങ്ങളിലും പരിശോധന നടന്നു. സൈജു തങ്കച്ചനൊപ്പം ലഹരി പാ‍ർടിയിൽ പങ്കെടുത്ത മിക്കവരും കേസെടുത്തതിന് പിന്നാലെ ഒളിവിൽപ്പോയി. വരും ദിവസങ്ങളിലും സംയുക്ത പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു. 

ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്ത ഏഴ് യുവതികളടക്കം 17 പേര്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിട്ടുണ്ട്. സൈജുവിന്‍റെ  കുറ്റസമ്മത മൊഴിയുടെയും വീഡിയോകളുടെയും അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് പാര്‍ട്ടികള്‍ നടന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേകം കേസെടുത്തത്. തൃക്കാക്കര, ഇന്‍ഫോപാര്‍ത്ത്, ഫോര്‍ട്ട് കൊച്ചി, മരട്, പനങ്ങാട്, എറണാകുളം സൗത്ത്, ഇടുക്കി ആനച്ചാല്‍ സ്റ്റേഷനുകളിലായാണ് 17 കേസുകളുള്ളത്. 

അതേ സമയം, തിരുവനന്തപുരം വിഴിഞ്ഞത്തും സമാനമായ രീതിയിൽ ലഹരിപ്പാർട്ടി നടന്നുവെന്നാണ് കണ്ടെത്തൽ. കാരക്കാട് ലഹരി പാർട്ടി നടന്ന റിസോർട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 
ലഹരി വസ്തുക്കൾ പിടികൂടി. ഇന്നലെ രാത്രി മുതലാണ് റിസോർട്ടിൽ ഡിജെ പാർട്ടി തുടങ്ങിയെതന്നാണ് വിവരം. പാർട്ടിയിൽ പങ്കെടുത്തവരെല്ലാം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. റിസോർട്ടിൽ പരിശോധന തുടരുകയാണ്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് ലഹരി പിടികൂടിയത്. 

ആര്യനാട് സ്വദേശി അക്ഷയ് മോഹനാണ് ഡ‍ിജെ പാർട്ടി സംഘടിപ്പിച്ചത് ഇയാൾക്കൊപ്പം കണ്ണാന്തുറ സ്വദേശി പീറ്റർ ഷാനും പിടിയിലായിട്ടുണ്ട്. ഇന്നലെ നടന്ന പാർട്ടിയിൽ സ്ത്രീകൾ ഉൾപ്പെടെ 50 പേർ പങ്കെടുത്തു. നിർവാണ മ്യൂസിക് ഫെസ്റ്റിവൽ എന്ന പേരിലാണ് പാർട്ടി സംഘടിപ്പിച്ചത്. പ്രവേശനത്തിനായി ഒരാളിൽ നിന്ന് ആയിരം രൂപ വച്ച് വാങ്ങിയെന്നാണ് എക്സൈസ് പറയുന്നത്. പാർട്ടിയിൽ പങ്കെടുക്കാനും മദ്യത്തിനും പിന്നെയും തുക നൽകിയെന്നാണ് പിടിയിലായവരുടെ മൊഴി. 

Follow Us:
Download App:
  • android
  • ios