സനിലിന്‍റെ ആത്മഹത്യ: പ്രളയ ധനസഹായം കൊടുക്കാഞ്ഞത് വെറും ചുവപ്പുനാടക്കുരുക്ക്

By Web TeamFirst Published Mar 3, 2020, 8:58 PM IST
Highlights

സനില്‍ നല്‍കിയത് ജനപ്രിയ അക്കൗണ്ട് നമ്പറെന്നും ഇതില്‍ വലിയ തുക കൈമാറാന്‍ ആകില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. 

തിരുവനന്തപുരം:  സനിലിന് ധനസഹായം കൈമാറാന്‍ കഴിയാത്തത് സാങ്കേതികത്വം കാരണമെന്ന് തഹസില്‍ദാര്‍. ഇതുസംബന്ധിച്ച് തഹസില്‍ദാര്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സനില്‍ നല്‍കിയത് ജനപ്രിയ അക്കൗണ്ട് നമ്പറെന്നും ഇതില്‍ വലിയ തുക കൈമാറാന്‍ ആകില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. സനില്‍ താമസച്ച ഭൂമിക്ക് താത്കാലിക കൈവശ അവകാശ രേഖ നല്‍കി. റവന്യൂമന്ത്രി അന്വേഷണത്തിന് നിർദേശം നൽകിയതിനെ തുടർന്നാണ്  റവന്യു സെക്രട്ടറി വിഷയത്തിൽ തഹസിൽദാരോട് റിപ്പോർട്ട് തേടിയത്.

പ്രളയത്തില്‍ വീടുതകർന്നിട്ടും അടിയന്തര ധനസഹായമായ പതിനായിരം രൂപപോലും ലഭിക്കാത്തതില്‍ മനംനൊന്താണ് സനില്‍ തൂങ്ങിമരിച്ചത്. വയനാട് പള്ളിക്കവല സ്വദേശി സനില്‍ ഇന്നലെ വൈകീട്ടാണ് പുരയിടത്തില്‍ തൂങ്ങിമരിച്ചത്. അടിയന്തര ധനസഹായമായ പതിനായിരം രൂപപോലും സനിലിന്‍റെ കുടുംബത്തിന് സർക്കാർ നല്‍കിയിരുന്നില്ല. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോകാനെത്തിയ പൊലീസിന് നേരെ നാട്ടുകാർ പ്രതിഷേധിച്ചു. സനിലിന്‍റെ കുടുംബത്തിന് ധനസഹായവും ഭൂമിയും നല്‍കുന്നതിനായി അടിയന്തരമായി നടപടികള്‍ സ്വീകരിക്കുമെന്ന തഹസില്‍ദാരുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 

കൂലിപ്പണിയെടുത്താണ് ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തെ സനില്‍ പോറ്റിയിരുന്നത്. 2018ലെ പ്രളയത്തില്‍ വീടിന് ഭാഗികമായി നാശനഷ്ടമുണ്ടായി. 2019ല്‍ പൂർണമായും തകർന്നു. എന്നാല്‍ ഇതുവരെ അടിയന്തര ധനസഹായമായ പതിനായിരം രൂപപോലും സർക്കാർ നല്‍കിയില്ല. കഴിഞ്ഞ 40 വർഷമായി താമസിക്കുന്ന 3 സെന്‍റ് ഭൂമി സ്വന്തമാണെന്നതിന്‍റെ രേഖയില്ലാത്തതിനാല്‍ ലൈഫ് പദ്ധതിയുടെ ആദ്യഘട്ടത്തിലും ഉള്‍പ്പെട്ടില്ല. കഴിഞ്ഞ ദിവസവുംപോലും ധനസഹായം ലഭിക്കുമോയെന്നറിയാന്‍ സനില്‍ വില്ലേജോഫീസില്‍ പോയി നോക്കിയിരുന്നു. പണം അക്കൗണ്ടിലെത്തുമെന്ന മറുപടി മാത്രമാണ് ലഭിച്ചത്.

click me!