Latest Videos

പ്രതിഷേധം ശക്തം; ശാന്തിവനത്തിലെ ടവർ നിർമ്മാണം താത്കാലികമായി നിർത്തി

By Web TeamFirst Published May 3, 2019, 3:23 PM IST
Highlights

വന നശീകരണത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ കളക്ടർ ഇടപെട്ടാണ് പണികൾ താതാകാലികമായി നിർത്തി വയ്പ്പിച്ചത്. ശാന്തിവനം സംരക്ഷിക്കാൻ സംസ്ഥാനത്തെ സാംസ്കാരിക, പരിസ്ഥിതി പ്രവർത്തകർ കൈകോർത്തതോടെയാണ് വിഷയത്തിൽ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍. 

കൊച്ചി: എറണാകുളം വഴികുളങ്ങരയിലെ ശാന്തിവനത്തിൽ കെഎസ്ഇബിയുടെ വൈദ്യുത ടവർ നിർമ്മാണം താത്കാലികമായി നിർത്തി. വന നശീകരണത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ കളക്ടർ ഇടപെട്ടാണ് പണികൾ താതാകാലികമായി നിർത്തി വയ്പ്പിച്ചത്. ശാന്തിവനം സംരക്ഷിക്കാൻ സംസ്ഥാനത്തെ സാംസ്കാരിക, പരിസ്ഥിതി പ്രവർത്തകർ കൈകോർത്തതോടെയാണ് വിഷയത്തിൽ ജില്ലാ ഭരണകൂടത്തിന്റെ ഇടപെട്ടത്. 

തുടർന്ന് സ്ഥലമുടമ മീനാ മേനോൻ, കെഎസ്ഇബി , വനം വകുപ്പ് ഉദ്യോഗസ്ഥർ, ജൈവവൈവിധ്യ ബോർഡ് ചെയർമാൻ എന്നിവരുമായി ജില്ലാ കളക്ടർ ചർച്ച നടത്തി. ഈ ചർച്ചയിലാണ് പണികൾ നിർത്തിവെക്കാൻ കളക്ടർ നിർദ്ദേശം നൽകിയത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ശാന്തിവനത്തിലെ കാവുകളിലും കുളങ്ങളിലും തള്ളിയിരിക്കുന്ന സ്ലറി കെഎസ്ഇബിയുടെ ചെലവിൽ തന്നെ നീക്കം ചെയ്യാനും കളക്ടർ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ലറി നീക്കം ചെയ്യുന്ന പണികളും ആരംഭിച്ചു.

വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് മരങ്ങൾ മുറിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും ചർച്ചയിൽ കളക്ടറെ അറിയിച്ചിട്ടുണ്ട്. എന്നാൽ ശാന്തി വനത്തെ പരാമാവധി സംരക്ഷിച്ചുകൊണ്ട് നാട്ടുകാർക്ക് വൈദ്യുതി എത്തിക്കാനാണ് ശ്രമിച്ചതെന്നാണ് കെഎസ്ഇബി ആവർത്തിക്കുന്നത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ഉത്തരവ് വന്നതിന് ശേഷം ടവറിന്റെ പണികൾ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കും. പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ ശാന്തിവനത്തിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ തുടരുകയാണ്.

click me!