വൃത്തിയാക്കിയ സ്ഥലത്ത് വീണ്ടും മാലിന്യം തള്ളുന്നു; വാഹനങ്ങൾ പിടിച്ചെടുക്കൽ അടക്കം കടുത്ത നടപടികളെന്ന് മന്ത്രി

Published : Jun 23, 2023, 11:20 AM IST
വൃത്തിയാക്കിയ സ്ഥലത്ത് വീണ്ടും മാലിന്യം തള്ളുന്നു; വാഹനങ്ങൾ പിടിച്ചെടുക്കൽ അടക്കം കടുത്ത നടപടികളെന്ന് മന്ത്രി

Synopsis

മാലിന്യ നിർമാർജ്ജനത്തിൽ ജനങ്ങളുടെ സഹകരണം അനിവാര്യമാണ്. മാലിന്യം തള്ളൽ കേന്ദ്രങ്ങളിൽ നിന്ന് അവ നീക്കം ചെയ്ത ശേഷവും വീണ്ടും അവിടെ മാലിന്യം തള്ളുന്ന സംഭവങ്ങളുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത്  മാലിന്യം തള്ളൽ സ്പോട്ടുകളായി തിരിച്ചറിഞ്ഞ 5567 കേന്ദ്രങ്ങളിൽ 4711 സ്പോട്ടുകളിലേയും മാലിന്യം നീക്കം ചെയ്തതായി തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ്. 84.89 ശതമാനം മാലിന്യവും നീക്കം ചെയ്തു കഴിഞ്ഞു. ബാക്കിയുള്ളവ ഉടൻ നീക്കം ചെയ്യും. പകർച്ചപ്പനി പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശസ്വയംഭരണ, ആരോഗ്യ, പൊതുവിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രിമാരുടെ നേതൃത്വത്തിൽ സംയുക്ത യോഗവും ചേര്‍ന്നു.

മാലിന്യ നിർമാർജ്ജനത്തിൽ ജനങ്ങളുടെ സഹകരണം അനിവാര്യമാണ്. മാലിന്യം തള്ളൽ കേന്ദ്രങ്ങളിൽ നിന്ന് അവ നീക്കം ചെയ്ത ശേഷവും വീണ്ടും അവിടെ മാലിന്യം തള്ളുന്ന സംഭവങ്ങളുണ്ട്. ഇത്  ഗൗരവമുള്ള പ്രശ്നമാണ്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ചുരത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നു തവണയാണ് ഇങ്ങനെ വൃത്തിയാക്കേണ്ടി വന്നത്. മാലിന്യം തള്ളുന്നത് തടയാനും വാഹനങ്ങൾ പിടിച്ചെടുക്കാനും പിഴ ഈടാക്കാനുമുള്ള എൻഫോഴ്സ്മെൻറ് നടപടികൾ ശക്തിപ്പെടുത്തിയതായി തദ്ദേശ സ്വയംഭരണ മന്ത്രി അറിയിച്ചു.

ഓരോ ജില്ലയിലും രണ്ട് എൻഫോഴ്സ്മെൻറ് സ്‌ക്വാഡുകൾ വീതം ഏപ്രിൽ മുതൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമേ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വിജിലൻസ് സ്‌ക്വാഡും സജീവമാണ്. മാലിന്യം തള്ളുന്ന സ്പോട്ടുകൾ കണ്ടെത്തി അവ വകുപ്പിന്റെ പോർട്ടലിൽ രേഖപ്പെടുത്തേണ്ടതുണ്ട്. അവിടെനിന്നും മാലിന്യം നീക്കം ചെയ്താലും അക്കാര്യം പോർട്ടൽ വഴി അറിയിക്കണം. മഴക്കാലത്തിനു മുന്നോടിയായി മാലിന്യം നീക്കം ചെയ്യുന്നതിന്റെ ഭാഗമായി നേരത്തെതന്നെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രചാരണ പരിപാടികൾ ആരംഭിച്ചിരുന്നു.

ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 5592 വാർഡുകൾ സീറോ വേസ്റ്റ് വാർഡുകളായി പ്രഖ്യാപിച്ചു. 99.14 ശതമാനം വാർഡുകൾ വെളിയിട വിസർജ്ജന മുക്ത (ഒ.ഡി.എഫ്) പദവി കൈവരിച്ചു. മെയ് മാസം മാത്രം 5355 മെട്രിക് ടൺ മാലിന്യമാണ് ക്ലീൻ കേരള കമ്പനി വഴി മാത്രം നീക്കം ചെയ്തത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 43 ശതമാനം കൂടുതലാണ്. കഴിഞ്ഞ വർഷത്തേക്കാൾ 63 ശതമാനം കൂടുതൽ പ്ലാസ്റ്റിക് മാലിന്യവും നീക്കം ചെയ്തിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ശുചീകരണ പ്രവർത്തനങ്ങൾ ഫലപ്രദമായിരുന്നു എന്ന് തെളിയിഞ്ഞതായും  പ്രചാരണ പ്രവർത്തനങ്ങൾ നിരന്തരം നടത്തുമെന്നും മന്ത്രി രാജേഷ് വ്യക്തമാക്കി. തെരുവുനായ്ക്കളെ വന്ധ്യംകരണം ചെയ്യാനുള്ള എബിസി കേന്ദ്രങ്ങൾ കൂടുതലായി തുടങ്ങാൻ കഴിയാത്തത് കർശനമായ കേന്ദ്ര ചട്ടങ്ങൾ  മൂലമാണെന്ന് മന്ത്രി വ്യക്തമാക്കി.  

2,000 ത്തോളം നായകളെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഉണ്ടെങ്കിൽ മാത്രമേ എബിസി കേന്ദ്രത്തിന് അംഗീകാരം നൽകാവൂ എന്നതാണ് ഇത്തരത്തിൽ ഒരു ചട്ടം.  ഇത്തരം ചട്ടങ്ങൾ പാലിച്ച് എബിസി കേന്ദ്രം തുടങ്ങൽ വിഷമകരമാണ്. നിയമത്തിന്റെ പരിമിതിക്കുള്ളിൽ നിന്നേ സർക്കാറിന് ഈ വിഷയത്തിൽ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. എബിസി കേന്ദ്രം തുടങ്ങാനുള്ള കേന്ദ്ര ചട്ടങ്ങൾ  നിയമപരമായി ചോദ്യം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായും മന്ത്രി എം ബി രാജേഷ് അറിയിച്ചു.

ആനത്താരകളിലുള്‍പ്പെടെ അനധികൃത ടെന്‍റുകൾ; സുരക്ഷയ്ക്ക് ഭീഷണിയെന്ന് കളക്ട‍ർ, കർശന നടപടികളിലേക്ക് അധികൃതര്‍

 ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം