
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വർണപ്പാളി ഇളക്കിയത് അന്വേഷണം വേണ്ട വിഷയമെന്ന് കേരള ഹൈക്കോടതി. സ്വർണ്ണപ്പാളി സംസ്ഥാനത്തിന് പുറത്തേക്ക് കടത്താൻ സ്പോൺസർക്ക് അനുമതി നൽകിയ ബോർഡിന്റെ നടപടിയിൽ കോടതി സംശയം രേഖപ്പെടുത്തി. 1999 ൽ സ്വർണ്ണം പൊതിഞ്ഞ പാളി, 2019 ൽ ചെമ്പ് പൊതിഞ്ഞതായി മഹസർരേഖകൾ ഉണ്ടെന്ന് കോടതി പറഞ്ഞു. സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളി അറ്റകുറ്റപ്പണി അനുമതി നൽകാൻ ബോർഡിനെ പ്രേരിപ്പിച്ച കാരണം എന്തെന്നും കോടതി ചോദിച്ചു. രണ്ടാമതൊരു സെറ്റ് ദ്വാരപാലക പാളി സംബന്ധിച്ച വിവരം ലഭിച്ചത് സ്പോൺസറിലൂടെയാണെന്നും സ്ട്രോങ് റൂമിലുള്ള ദ്വാരപാളികൾ പക്ഷേ ചീഫ് സെക്യൂരിറ്റി ഓഫീസർക്ക് കണ്ടെത്താനായില്ലന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലാണ് ഗുരുതരമായ കണ്ടെത്തലുകൾ അടങ്ങിയിട്ടുള്ളത്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ പാളി മുന്‍കൂര്‍ അനുമതികളില്ലാതെ ഇളക്കിമാറ്റിയത് അനുജിതമെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
എന്നാല്‍ ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണപ്പാളി ഇളക്കിയ നടപടിയിൽ ബോർഡ് തെറ്റ് ചെയ്തെന്ന മട്ടിലാണ് പ്രചാരണം നടക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. ദേവസ്വം തന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സ്വര്‍ണപ്പാളി നീക്കിയതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് വ്യക്തമാക്കി. ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനമല്ല. ചെന്നൈയിലേക്ക് സ്വര്‍ണപ്പാളി കൊണ്ടുപോയത് നടപടി ക്രമം പാലിച്ചാണ്. ആചാരങ്ങള്‍ പാലിക്കാനാണ് ബോര്‍ഡ് ശ്രമിച്ചത്. സാങ്കേതി പ്രശ്നത്തിന്‍റെ പേരിൽ പഴി കേള്‍ക്കുന്നുവെന്നും പി എസ് പ്രശാന്ത് ചൂണ്ടിക്കാട്ടി.