കെ സുരേന്ദ്രന് കുഴൽപ്പണ പനി; കേരളത്തിൽ ഒരു ഹവാല പാർട്ടിയായി ബിജെപി മാറിയെന്നും ഡിവൈഎഫ്ഐ

By Web TeamFirst Published Jul 3, 2021, 11:54 AM IST
Highlights

കുഴൽപ്പണ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് സുരേന്ദ്രൻ. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന  അദ്ധ്യക്ഷൻ പൂർണ്ണ  നഗ്നനായ അവസ്ഥയിലാണ്.

കൊച്ചി: സ്ത്രീധനവിരുദ്ധ ക്യാമ്പയിൻ ഡിവൈഎഫ്ഐ ശക്തമാക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു. ജൂലൈ 10 മുതൽ 20 വരെ ക്യാമ്പയിൻ നടത്തും.  ജൂലൈ 15 മുതൽ 20 വരെ യുണിറ്റ് കേന്ദ്രങ്ങളിൽ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ എടുക്കും. ഇന്ധന വില, പാചക വാതക വില വർധനയ്ക്കെതിരെ ജൂലൈ ആറിന് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ഡിവൈഎഫ്ഐ സമരം സംഘടിപ്പിക്കുമെന്നും റഹീം പറഞ്ഞു.

മുവാറ്റുപുഴയിലെ യൂത്ത് കോൺഗ്രസ്‌ നേതാവ് ഉൾപ്പെട്ട പീഡന കേസിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ്  കെ സുധാകരനും മിണ്ടുന്നില്ല. മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തിൽ പ്രതിയെ ഹാജരാക്കാൻ തയ്യാറാകണം. പോക്സോ എം എൽ എ ആയി മാത്യു കുഴൽനാടൻ മാറി. എംഎൽഎയ്ക്കെതിരെ ഈ മാസം ഏഴിന് മൂവാറ്റുപുഴയിൽ ജനകീയ വിചാരണ നടത്തും.ഡിവൈഎഫ്ഐ സ്നേഹ വണ്ടി ക്യാമ്പയിൻ അവസാനിപ്പിക്കുകയാണെന്നും റഹീം പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന് നാട് നീളെ കേസാണ് എന്നായിരുന്നു കൊടകര കുഴൽപ്പണ കേസിനെക്കുറിച്ചുള്ള റഹീമിന്റെ പ്രതികരണം.  കെ സുരേന്ദ്രന് ഇപ്പോൾ കുഴൽപ്പണ പനിയാണ്. സുരേന്ദ്രൻ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്.  കേരളത്തിൽ ഒരു ഹവാല പാർട്ടിയായി ബിജെപി മാറി. കുഴൽപ്പണ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് സുരേന്ദ്രൻ. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന  അദ്ധ്യക്ഷൻ പൂർണ്ണ  നഗ്നനായ അവസ്ഥയിലാണ്.

കേരളത്തിലെ ഒരു വ്യവസായവും അടച്ച് പൂട്ടണമെന്ന് ഡിവൈഎഫ്ഐ ആഗ്രഹിക്കുന്നില്ല. വ്യവസായശാലകൾ നിയമാനുസൃതമായി പ്രവർത്തിക്കണം. പി എസ് സിയിലെ ഏപ്രിൽവരെയുള്ള മുഴുവൻ ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏപ്രിൽ , മേയ് മാസങ്ങളിലെ കൂട്ടവിരമിക്കലിന്റെ ഭാഗമായുള്ള ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യാനുള്ളത്. കൊവിഡ് മൂലം ഓഫിസുകൾ അടച്ചിരുന്നതിനാൽ പ്രമോഷൻ നടപടികൾ നടന്നില്ല. ഇത് പൂർത്തിയാകുന്നതോടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടും. ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടപ്പെടുമെന്ന പ്രചരണം തെറ്റ്. പരമാവധി ആളുകൾക്ക് സർക്കാർ നിയമനം ഉറപ്പാക്കുമെന്നും റഹീം പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!