
പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ്-എസ്ഡിപിഐ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന കൊലപാതക പരമ്പര വർഗ്ഗീയകലാപം സൃഷ്ടിക്കാനുള്ള ബോധപൂർവമാണ് ശ്രമമാണെന്ന് ഡിവൈഎഫ്ഐ (DYFI). സംസ്ഥാനത്ത് ക്രമസമാധാനനില തകർക്കാനും അതിലൂടെ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുമുള്ള പദ്ധതിയെ ജനങ്ങള്‍ തിരിച്ചറിയണം. ഇതിനെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
വർഗ്ഗീയ സംഘടനകളുടെ ധ്രുവീകരണ ശ്രമം മതനിരപേക്ഷ കേരളം തള്ളിക്കളയണമെന്നും നാടിന്റെ സമാധാനത്തിനായി എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങുകയും ചെയ്യണമെന്നും ഡിവൈഎഫ്ഐ അഭ്യർത്ഥിച്ചു. സാമൂഹ്യ വിരുദ്ധവും മനുഷ്യവിരുദ്ധവുമായ സംഘടിത കുറ്റകൃത്യങ്ങൾ നടത്തി പരിശീലനം സിദ്ധിച്ചവരാണ് ആർഎസ്എസ്-എസ്ഡിപിഐ ക്രിമിനലുകൾ. മതത്തെ വർഗീയതയ്ക്കായും സങ്കുചിത താത്പര്യങ്ങൾക്കായും അധികാര രാഷ്ട്രീയത്തിനായും ഉപയോഗിക്കുന്നവരാണ് ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ വാദികൾ. ഈ ശക്തികളുടെ കുപ്രചരണത്തെ വിശ്വാസി സമൂഹം ജാഗ്രതയോടെ നേരിടേണ്ടതുണ്ട്. നാടിന്റെ സൗഹൃദാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ സാംസ്കാരിക കേരളം പ്രതികരിക്കണണം. ആർഎസ്എസും എസ്ഡിപിഐയും കൊലക്കത്തി താഴെ വക്കാൻ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കൊച്ചിയിലും തൃശൂരും ആർഎസ്എസ്-ബിജെപി പ്രകടനം
പാലക്കാട് സംഭവത്തില്‍ പ്രതിക്ഷേധിച്ച് വിവിധ സംഘ പരിവാര്‍ സംഘടനകള്‍ സംയുക്തമായി കൊച്ചിയില്‍ പ്രതിക്ഷേധ പ്രകടനം നടത്തി. ടൗണ്‍ഹാള്‍ പരിസരത്തുനിന്നും തുടങ്ങി ഹൈക്കോടതി ജംഗ്ഷനില്‍ അവസാനിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേഷ് ഉദ്ഘാടനം ചെയ്തു. തൃശൂർ നഗരത്തിലും ബിജെപി ആർഎസ്എസ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം നടന്നു.
ബിജെപി പ്രവർത്തകരിലേക്ക് കാർ പാഞ്ഞുകയറി
പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ വധത്തിൽ പ്രതിഷേധിച്ചുള്ള ബിജെപി പ്രകടനത്തിലേക്ക് കാർ പാഞ്ഞുകയറി. തൃശൂർ പൂച്ചെട്ടി സെന്ററിലാണ് സംഭവം നടന്നത്. ആറ് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. കാർ ഡ്രൈവർ സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ
കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കൊലപാതകം നടന്നതോടെ പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുത്തിയതോട് പോപുലർ ഫ്രണ്ട് പ്രവർത്തകൻ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടത്. ഇതോടെയാണ് ജില്ലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഏപ്രിൽ 20 ന് വൈകീട്ട് ആറ് മണി വരെയാണ് നിരോധനാജ്ഞ. കൊലപാതകങ്ങളെ തുടർന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടർന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നിൽ കണ്ടാണ് ഉത്തരവ്. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ മണികണ്ഠനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് പ്രകാരം പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോ പാടില്ല.
ഇന്ത്യൻ ആയുധ നിയമം സെക്ഷൻ 4 പ്രകാരം പൊതുസ്ഥലങ്ങളിൽ വ്യക്തികൾ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇന്ത്യൻ സ്ഫോടക വസ്തു നിയമം 1884 ലെ സെക്ഷൻ 4 പ്രകാരം പൊതുസ്ഥങ്ങളിൽ സ്‌ഫോടകവസ്തുക്കൾ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങൾ ഉടലെടുക്കും വിധം സമൂഹത്തിൽ ഊഹാപോഹങ്ങൾ പരത്തുകയോ ചെയ്യാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങൾക്കും ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾക്കും ഉത്തരവ് ബാധകമല്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam