
കോഴിക്കോട്: കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിലെ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകർ ജയിൽമോചിതരായി. പ്രതികൾക്ക് ഇന്നലെ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം അരുൺ, ഡിവൈഎഫ്ഐ പ്രവർത്തകരായ എം കെ അഷിൻ, കെ രാജേഷ്, മുഹമ്മദ് ഷബീർ, എം സജിൻ എന്നിവരാണ് കോഴിക്കോട് സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. പ്രവർത്തകരെ സ്വീകരിക്കാൻ ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി പി സി ഷൈജു, ജില്ല പ്രസിഡന്റ് എൽ ജി ലിജീഷ് സിപിഎം ജില്ല കമ്മിറ്റി അംഗം നിഖിൽ, തുടങ്ങിയ നേതാക്കളെത്തിയരുന്നു. കഴിഞ്ഞമാസം ആറിനാണ് അഞ്ച് ഡിവൈഫ്ഐ പ്രവർത്തകർ റിമാൻഡിലായത്. കേസിൽ ഇനിയും പിടികൂടാനുളള രണ്ട് പേർ നാളെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയയേക്കും.
അരുണിന്‍റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ പരാതി ഉയർന്നിട്ടും കേസെടുക്കാൻ തുടക്കത്തിൽ പൊലീസ് തയ്യാറായിരുന്നില്ല. ഒടുവിൽ വിവാദമായതോടെ, ആശുപത്രി സംരക്ഷണ നിയമം, അന്യായമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, മർദ്ദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇതിൽ ആശുപത്രി സംരക്ഷണ നിയമം അനുസരിച്ചുള്ള കേസ് ജാമ്യമില്ലാത്തതാണ്. ഇതിന് പുറമേ ഐപിസി 333 വകുപ്പ് പ്രകാരം കൂടി പൊലീസ് കേസെടുത്തിട്ടുണ്ട്. പൊതുസേവകനെ ഗുരുതരമായി പരുക്കേൽപ്പിച്ചെന്ന ഈ വകുപ്പ് 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇവര്‍ മടങ്ങി പോയതിന് പിന്നാലെ സ്ഥലത്തെത്തിയ സംഘം സുരക്ഷാ ജീവനക്കാരെ അക്രമിക്കുകയായിരുന്നു. രോഗികളെ സന്ദര്‍ശിക്കാന്‍ എത്തിയവര്‍ക്കും മര്‍ദനമേറ്റു. മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകന്‍ ഷംസുദ്ദീനെയും സംഘം അക്രമിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി. സൂപ്രണ്ടിനെ കാണാനെത്തിയ വനിതയോട് സുരക്ഷാ ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന പരാതിയും ഉയർന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാ ജീവനക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.