ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ സ്‌നേഹവണ്ടികളുമായി ഡിവൈഎഫ്‌ഐ

By Web TeamFirst Published Jun 27, 2021, 4:02 PM IST
Highlights

പ്രാദേശികമായി ബന്ധപ്പെടാനുള്ള നമ്പറുകള്‍ നല്‍കും. ഇതിനായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. തിങ്കളാഴ്ചയാണ് സംസ്ഥാനത്ത് വിവിധ സര്‍വകലാശാലകള്‍ ബിരുദ പരീക്ഷ ആരംഭിക്കുന്നത്.
 

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ബിരുദ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ കേന്ദ്രത്തിലെത്താന്‍ വാഹനസൗകര്യമൊരുക്കുമെന്ന് ഡിവൈഎഫ്‌ഐ. സംഘടനയുടെ സംസ്ഥാന സെക്രട്ടറി എഎ റഹീമാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. പൊതുഗതാഗതം പൂര്‍ണമായി പുനസ്ഥാപിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് സൗകര്യമൊരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രയുടെ കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയുണ്ട്. ഇത് പരിഹരിക്കാന്‍ സംസ്ഥാന വ്യാപകമായി സ്‌നേഹവണ്ടികള്‍ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രാദേശികമായി ബന്ധപ്പെടാനുള്ള നമ്പറുകള്‍ നല്‍കും. ഇതിനായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. തിങ്കളാഴ്ചയാണ് സംസ്ഥാനത്ത് വിവിധ സര്‍വകലാശാലകള്‍ ബിരുദ പരീക്ഷ ആരംഭിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവെക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ പരീക്ഷ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ബിരുദ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സ്‌നേഹവണ്ടികള്‍ ഒരുക്കും - ഡിവൈഎഫ്‌ഐ
നാളെമുതല്‍ സംസ്ഥാനത്ത് സര്‍വ്വകലാശാല ബിരുദ പരീക്ഷകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍  വിദ്യാര്‍ഥികള്‍ക്ക് യാത്ര ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സ്നേഹവണ്ടികള്‍ ഒരുക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ പൊതുഗതാഗതം പൂര്‍ണ്ണമായും പുനഃസ്ഥാപിച്ചിട്ടില്ല. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പരീക്ഷയ്ക്കുള്ള ക്രമീകരണങ്ങള്‍ സര്‍വ്വകലാശാലകള്‍ ഒരുക്കി കഴിഞ്ഞെങ്കിലും യാത്രയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. ഇത് പരിഹരിക്കാന്‍ സംസ്ഥാന വ്യാപകമായി സ്‌നേഹവണ്ടികള്‍ ഡിവൈഎഫ്‌ഐ ക്രമീകരിക്കും. 

കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ഥികള്‍ക്കും ഒപ്പം പൊതുഗതാഗതം ലഭ്യമല്ലാത്ത മറ്റ് വിദ്യാര്‍ഥികള്‍ക്കും സേവനം ലഭ്യമാക്കും. പ്രാദേശികമായി ബന്ധപ്പെടാനുള്ള നമ്പരുകള്‍ പ്രസിദ്ധീകരിക്കും. ഈ മഹാമരിയെ നമുക്ക് ഒന്നിച്ച് മറികടക്കേണ്ടതുണ്ട്. തെല്ലും ആശങ്കയില്ലാതെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ സ്ഥലത്തേക്ക് എത്താന്‍ ഡിവൈഎഫ്‌ഐ സാഹചര്യം ഒരുക്കും. ഇതിനായി ഡിവൈഎഫ്‌ഐ വോളണ്ടിയര്‍മാര്‍ രംഗത്തിറങ്ങണമെന്നും  സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!