
തിരുവനന്തപുരം: കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ പരിപാടി ഇന്നും നാളെയും. മന്‍കി ബാത്ത് മാത്രം നടത്തുന്ന പ്രധാനമന്ത്രി തിരിച്ചുള്ള ചോദ്യങ്ങള്‍ കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് യങ് ഇന്ത്യ ക്യാംപയിന്‍. കൊല്ലത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും തിരുവനന്തപുരത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും ഉദ്ഘാടനം ചെയ്യും. തൊഴിലില്ലായ്മ, കാര്‍ഷിക നിയമങ്ങള്‍, വിലക്കയറ്റം, സ്വകാര്യവല്‍ക്കരണം തുടങ്ങി വിവിധ വിഷയങ്ങളിലൂന്നിയുള്ള ചോദ്യങ്ങളാണ് പ്രധാനമന്ത്രിയോട് ഉയര്‍ത്തുക. ജില്ലാകേന്ദ്രങ്ങളില്‍ വിവിധ സമയങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വന്ദേ ഭാരതും വാട്ടർ മെട്രോയും അടക്കം വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കാനായി നാളെയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ബിജെപിയുടെ രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്താനുള്ള യുവം അടക്കമുള്ള പരിപാടികളിലും നരേന്ദ്രമോദി പങ്കെടുക്കും. തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയടക്കം എട്ട് ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി നാളെ വൈകീട്ട് കൊച്ചിയിൽ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ജനബാഹുല്യം കണക്കിലെടുത്ത് മോദിയുടെ കൊച്ചിയിലെ റോഡ് ഷോയുടെ ദൂരവും കൂട്ടിയിട്ടുണ്ട്.
Also Read: പ്രധാനമന്ത്രി നാളെ കേരളത്തിൽ: കൊച്ചിയും തിരുവനന്തപുരവും കനത്ത സുരക്ഷാവലയത്തിൽ
രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി വൈകിട്ട് അഞ്ച് മണിക്കാണ് കൊച്ചി നാവികവിമാനത്താവളത്തിലിറങ്ങുക. തുടര്‍ന്ന് പ്രധാനമന്ത്രി തന്‍റെ ഓദ്യോഗിക വാഹനത്തിൽ വെണ്ടുരിത്തി പാലത്തിലെത്തും. കേവര ഭാഗത്തേക്ക് വരുമ്പോൾ പാലം അവസാനിക്കുന്നിടത്തു നിന്നാകും റോഡ് ഷോ തുടങ്ങുക. നേരത്തെ തേവര ജംങ്ഷൻ മുതൽ 1.2 കിലോ മീറ്ററായി നിശ്ചയിച്ച റോഡ് ഷോയാണ് 1.8 ആക്കി കുട്ടിയത്. തേവര എസ് എച്ച് കോളജ് മൈതാനത്ത് നടക്കുന്ന യുവം പരിപാടിയിൽ സംസ്ഥാനത്തിന് പുറത്തുനിന്നുളള സിനിമാ -കായിക മേഖലകളിലെ സൂപ്പർതാരങ്ങളും പങ്കെടുക്കും.
യുവത്തിന് ശേഷം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ തങ്ങുന്ന പ്രധാനമന്ത്രി, ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച രാവിലെ തിരുവനന്തപുരത്തേക്ക് പോകുന്ന പ്രധാനമന്ത്രി, വന്ദേഭാരത്, ജലമെട്രോ അടക്കമുള്ള വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. പ്രധാനന്ത്രിയുടെ സുരക്ഷയ്ക്കായി കൊച്ചിയിൽ മാത്രം രണ്ടായിരത്തിലധികം പൊലീസുകാരെയാണ് വിന്യസിക്കുന്നത്. സുരക്ഷ വിലയിരുത്താൻ പൊലീസ് ഉന്നതതല യോഗം ചേരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam