
കൊല്ലം: പൊലീസിലെ ചില ഉദ്യോഗസ്ഥർ സർക്കാരിന് നാണക്കേടുണ്ടാക്കുന്നുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. കൊല്ലം കിളികൊല്ലൂരിൽ സൈനികനെ മർദ്ദിച്ച പൊലീസുകാർക്കെതിരെ ശക്തമായ നടപടി വേണം. കുറ്റക്കാരായ മുഴുവൻ ആളുകളേയും മാതൃകാപരമായി ശിക്ഷിക്കണം. ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥൻ വിചാരിച്ചാൽ ഇവരെ രക്ഷപ്പെടുത്താൻ സാധിക്കില്ല. ഡിവൈഎഫ്ഐ വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തിയതായും വി.കെ.സനോജ് പറഞ്ഞു. പൊലീസ് മർദ്ദനത്തിന് ഇരയായ വിഘ്നേഷിനെ സനോജ് വീട്ടിലെത്തി കണ്ടു. കഴിഞ്ഞ ദിവസം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തിയിരുന്നു. സംഭവത്തിൽ എസ്എച്ച്ഒ ഉൾപ്പെടെ നാലു പൊലീസുകാർ സസ്പെൻഷനിലാണ്.
ആദ്യം അടിച്ചത് എഎസ്ഐ, പിന്നാലെ സൈനികന്‍ തിരിച്ചടിച്ചു, അടിപിടിക്കിടെ 2 പേരും വീണു-സിസിടിവി ദൃശ്യം
കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ നടന്ന കയ്യേറ്റത്തിന്റെ ദൃശ്യങ്ങളുടെ ഒരു ഭാഗം പൊലീസ് പുറത്തു വിട്ടിരുന്നു. തർക്കത്തിനൊടുവിൽ സൈനികനായ വിഷ്ണുവിന്‍റെ മുഖത്ത് ആദ്യം അടിക്കുന്നത് എഎസ്ഐ ആയ പ്രകാശ് ചന്ദ്രനാണ്. അടിയേറ്റ സൈനികൻ തിരിച്ചടിക്കുന്നതും ഇരുവരും നിലത്ത് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. വിഷ്‌ണുവാണ് പൊലീസിനെ ആദ്യം ആക്രമിച്ചതെന്ന പൊലീസ് റിപ്പോർട്ട് ശരിയല്ല എന്ന് തെളിയിക്കുന്നതായിരുന്നു പൊലീസ് തന്നെ പുറത്തുവിട്ട ദൃശ്യങ്ങൾ. കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കാൻ ശ്രമിച്ച ഉന്നത ഉദ്യോഗസ്ഥർ തന്നെയാണ് സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടത്. 2 മിനുട്ടും 24 സെക്കന്‍റും മാത്രം ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ സ്റ്റേഷനിലേക്ക് വിഷ്ണു എത്തുന്നതും വനിതാ എസ്ഐയോട് പരാതി പറയുന്നതും വ്യക്തമാണ്. ഇതിനിടയിലാണ് എഎസ്ഐ പ്രകാശ് ചന്ദ്രൻ വിഷ്ണുവിന്‍റെ മുഖത്ത് ആഞ്ഞടിച്ചത്.
എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ വിളിച്ചു വരുത്തിയ ശേഷമാണ് പേരൂര്‍ സ്വദേശികളായ വിഘ്നേഷിനെയും വിഷ്ണുവിനെയും പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മഫ്തിയിലുണ്ടായിരുന്ന എഎസ്ഐയും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്‍റെ പേരിലാണ് ഇരുവർക്കുമെതിരെ കള്ളക്കേസ് ചമച്ചത്. ലഹരിക്കടത്ത് കേസിൽ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കൾ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്ഐയെ ആക്രമിക്കുന്നു എന്ന തരത്തിൽ വാർത്ത പുറത്തു വിടുകയും പിന്നാലെ കേസെടുക്കുകയും ആയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam