
മലപ്പുറം: രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയുമായി ബന്ധപ്പെട്ട് മലപ്പുറം നിലമ്പൂരിൽ ബാനർ പോരാട്ടം. പോരാട്ടമാണ് ബദൽ പൊറോട്ടയല്ല" എന്നെഴുതിയ ഫ്ലക്സ് ഡിവൈഎഫ്ഐയാണ് യാത്ര കടന്നു പോകുന്ന നിലമ്പൂരിൽ ആദ്യം സ്ഥാപിച്ചത്. തൊട്ടു പിന്നാലെ മറുപടിയുമായി യൂത്ത് ലീഗും ബാനർ വച്ചു. "തീ ഇട്ടത് സംഘികളുടെ ട്രൗസസറിൽ ആണെങ്കിലും പുക വരുന്നത് കമ്മികളുടെ മൂട്ടിലൂടെ" എന്നായിരുന്നു ഫ്ലക്സിലെ വരികള്‍.
ഡിവൈഎഫ്ഐയുടെ ഫ്ലക്സിന് മുകളിൽ യൂത്ത് കോൺഗ്രസും ഫ്ലക്സ് വച്ചു. കാക്കിയും ചുവപ്പുമുള്ള നിക്കറിന്റെ ചിത്രം വച്ച ഫ്ലക്സിൽ ആരാധകരെ ശാന്തരാകുവിൻ പോരാട്ടം ആർഎസിനോടാണ് എന്നാണ് ഈ ഫ്ലക്സില്‍ എഴുതിയിരിക്കുന്നത്. ഇന്നലെ പെരിന്തൽമണ്ണ ഏലംകുളം ലോക്കൽ കമ്മിറ്റി ഓഫിസ് കെട്ടിടത്തിൽ ഡിവൈഎഫ്ഐ കറുത്ത ബാനർ തൂക്കിയിരിന്നു. പൊറോട്ടയല്ല കുഴിമന്തിയാണ് പെരിന്തൽമണ്ണയിൽ ബെസ്റ്റ് എന്നായിരുന്നു എഴുതിയത്. ഫേസ്ബുക്കിലാണ് വി ടി ബൽറാം ഇതിന് മറുപടി നൽകിയത്. കറുത്ത ബാനറുമായി കമ്മികൾ, തുടുത്ത മനസ്സുമായി ജനങ്ങൾ എന്നാണ് ബാനറിന്റെ ഫോട്ടോ പങ്കുവച്ച് ബൽറാമിന്റെ പോസ്റ്റ്. രാഹുലിന്റെ ശ്രദ്ധ തിരിക്കാൻ ഇത്തരം ഞാഞ്ഞൂലുകൾക്ക് കഴിയില്ല എന്നും ബൽറാം പ്രതികരിച്ചിരുന്നു.
ഡിവൈഎഫ്ഐയുടെ പരിഹാസത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയയും രംഗത്തെത്തിയിരുന്നു. 'പൊറോട്ടയല്ല.. പെരിന്തൽമണ്ണയിൽ കുഴിമന്തിയാണ് ബെസ്റ്റ്' എന്ന തലവാചകത്തിലായിരുന്നു ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന വഴിയിൽ ഡിവൈഎഫ്ഐ ബാനർ സ്ഥാപിച്ചിരുന്നത്. പെരിന്തൽമണ്ണ ഏലംകുളത്ത് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടത്തിലാണ് ഡിവൈഎഫ്ഐയുടെ പേരിൽ ബാനർ ഉയർന്നത്. എന്നാല്‍ ഈ ബാനറിന് ചുട്ട മറുപടിയുമായാണ് ഫാത്തിമ തഹ്ലിയ രംഗത്തെത്തിയത്. ''പ്രദേശത്തെ പ്രധാന ഭക്ഷണം ഏതെന്ന് അറിയാൻ സമീപിക്കുക - ഡിവൈഎഫ്ഐ ഫുഡ് വ്‌ളോഗ്‌സ്''- ഡിവൈഎഫ്ഐയെ പരിഹസിച്ച് തഹ്ലിയ ഫേസ്ബുക്കിൽ കുറിച്ചു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രണ്ടാം ദിവസവും മലപ്പുറം ജില്ലയിൽ പര്യടനം തുടരുകയാണ്. രാവിലെ 6.30 തിന് പാണ്ടിക്കാട് നിന്നുമാണ് യാത്ര തുടങ്ങിയത്. 11 മണിയോടെ വണ്ടൂരിൽ എത്തിയ ജോഡോ യാത്ര ഉച്ചഭക്ഷണത്തിന് ശേഷം നാല് മണിയോടെ വണ്ടൂർ നടുവത്ത് നിന്നാണ് യാത്ര തുടങ്ങുക. ചന്തക്കുന്ന് വച്ച് രാഹുൽ ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്യും. രാഹുൽ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമായ നിലമ്പൂരിലൂടെയാണ് യാത്ര അടുത്ത സംസ്ഥാനമായ കര്‍ണ്ണാടകയിലേക്ക് കടക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam