തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിനെ കുത്തിക്കൊന്ന കേസ്; പ്രതികൾക്ക് ജീവപര്യന്ത തടവും പിഴയും

By Web TeamFirst Published Sep 30, 2022, 8:33 PM IST
Highlights

കൊലപാതകം നടന്ന് 15 വർഷത്തിന് ശേഷമാണ് സഹോദരങ്ങളായ പ്രതികൾക്ക് ശിക്ഷ വിധിക്കുന്നത്. കൊലയാളി സംഘത്തിലെ മൂന്നാമൻ ഷിജു ഇപ്പോഴും ഒളിലിലാണ്. 

തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് ഡിവൈഎഫ്ഐ നേതാവ് അനീഷിനെ കുത്തിക്കൊന്ന കേസിൽ പ്രതികൾക്ക് ജീവപര്യന്ത തടവും പിഴയും. കൊലപാതകം നടന്ന് 15 വർഷത്തിന് ശേഷമാണ് സഹോദരങ്ങളായ പ്രതികൾക്ക് ശിക്ഷ വിധിക്കുന്നത്. കൊലയാളി സംഘത്തിലെ മൂന്നാമൻ ഷിജു ഇപ്പോഴും ഒളിലിലാണ്. 

തിരുവനന്തപുരം നഗര ഹൃദയത്തിൽ വച്ച് ഡിവൈഎഫ്ഐ നേതാവ് അനീഷിനെ കുത്തിക്കൊന്ന കേസിൽ സഹോദരങ്ങളായ രാജേഷ് കുമാറും സുരേഷ് കുമാറും കുറ്റക്കാരെന്ന് തിരുവനന്തപുരം അതിവേഗ കോടതി വിധിക്കുകയായിരുന്നു. ജീവപര്യന്തം തടവ് ശിക്ഷയ്ക്കൊപ്പം പ്രതികളിൽ നിന്ന് അഞ്ച് ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി വിധിച്ചു. ഈ തുക അനീഷിന്റെ അമ്മ രാമമണിക്ക് കൈമാറും. അതേസമയം, കേസിലെ മൂന്നാം പ്രതി ഷിജു ഇപ്പോളും ഒളിവിലാണ്. നാലും അഞ്ചും പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. ഇവരാണ് ഒളിവിൽ കഴിയാൻ സഹായിച്ചതെന്ന് പ്രതികളിൽ ഒരാളായ സന്തോഷ് കുമാർ മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകിയിരുന്നു. എന്നാൽ പിന്നീട് ഇക്കാര്യം  പ്രതി വിചാരണയ്ക്കിടെ നിഷേധിച്ചു.  

മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയ ശേഷം കൂറുമാറിയ സാക്ഷി സന്തോഷ്‌ കുമാറിനെതിരെ ക്രിമിനൽ കേസെടുത്തിട്ടുണ്ട്. മൂന്ന്‌ ദൃക്സാക്ഷികളാണ്‌ കേസിലുണ്ടായിരുന്നത്‌. ഇതിൽ രണ്ട് പേർ വിചാരണയ്‌ക്കിടെ മരണപ്പെട്ടു. ആകെ 38 സാക്ഷികളിൽ 26 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 41 രേഖകളും 11 തൊണ്ടുസാധനങ്ങളും  ഹാജരാക്കി.  2007 മാർച്ച്‌ 18നാണ്‌ കേസിനാസ്‌പദമായ സംഭവം. ഇഎംഎസ്‌ ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾക്കായി പട്ടം മുറിഞ്ഞപാലത്ത്‌ അലങ്കാര പ്രവർത്തനങ്ങൾ നടത്തുകയായിരുന്ന അനീഷിനെ രാജേഷ്‌ കുമാർ, സുരേഷ്‌ കുമാർ, ഷിജു എന്നിവർ ചേർന്ന്‌ കുത്തിക്കൊല്ലുകയായിരുന്നു. ലഹരി ഉപയോഗം കണ്ടെത്തിയതിനെ തുടർന്ന് സംഘടനയിൽ നിന്ന് പുറത്താക്കിയതായിരുന്നു പ്രകോപനം.  

click me!