വല തകര്‍ത്ത് ആക്രമണം, കായംകുളത്ത് 26 കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു

By Web TeamFirst Published Sep 30, 2022, 8:25 PM IST
Highlights

കൂടിന്‍റെ വല തകർത്താണ് ആക്രമിച്ചത്. ഇരുപതിലേറെ തെരുവുനായ്ക്കൾ  കൂടിന് സമീപം ഉണ്ടായിരുന്നുവെന്ന് റെജി പറഞ്ഞു. 

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് തെരുവ് നായ്ക്കൾ കോഴികളെ കടിച്ചുകൊന്നു. ഞക്കനാൽ ലതാലയം വീട്ടിൽ റെജിയുടെ മുട്ടയിടുന്ന 26 കോഴികളെയാണ്  തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തി കടിച്ചുകൊന്നത്. കൂടിന്‍റെ വല തകർത്താണ് ആക്രമിച്ചത്. ഇരുപതിലേറെ തെരുവുനായ്ക്കൾ  കൂടിന് സമീപം ഉണ്ടായിരുന്നുവെന്ന് റെജി പറഞ്ഞു. ഇവയെ ഓടിച്ച ശേഷമാണ് ചത്ത കോഴികളെ ഇവിടെ നിന്നും നീക്കം ചെയ്തത്. കോഴിക്ക് പുറമേ പശുക്കളെയും ഇവിടെ വളർത്തുന്നുണ്ട്. തെരുവുനായ ശല്യം രൂക്ഷമായതോടെ പശുക്കളുടെ കാര്യത്തിലും ആശങ്കയുണ്ടെന്ന് റെജിയുടെ ഭാര്യ വിജയലക്ഷ്മി പറഞ്ഞു.

അതേസമയം തിരുവനന്തപുരം വിഴിഞ്ഞത്ത് പൂച്ചയുടെ കടിയേറ്റതിന് കുത്തിവെപ്പ് എടുക്കാനെത്തിയ യുവതിയ്ക്ക് ആശുപത്രിക്കകത്ത് വെച്ച് തെരുവ് നായയുടെ കടിയേറ്റു. ചപ്പാത്ത് സ്വദേശി അപര്‍ണയ്ക്കാണ് കടിയേറ്റത്. രാവിലെ ഏഴേകാലോടെയാണ് സംഭവം. വീടിനകത്തുവെച്ച് പൂച്ച കടിച്ചതിന് രണ്ടാം ഡോസ് വാക്സീൻ എടുക്കാൻ അച്ഛൻ വാസവന് ഒപ്പം എത്തിയതായിരുന്നു അപര്‍ണ. ഒ പി പ്രവര്‍ത്തിക്കുന്ന ഡോക്ടറുടെ ഡ്യൂട്ടി മുറിയായ ഐ പി ബ്ലോക്കിൽ എത്തി ആശുപത്രി അധികൃതരുമായി സംസാരിച്ചതിന് ശേഷം കസേരയിൽ ഇരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കസേരക്കടിയിലുണ്ടായിരുന്ന നായയുടെ കടിയേറ്റത്. നായയുടെ കുരകേട്ട ആശുപത്രി ജീവനക്കാര്‍ കടിയേറ്റതിന് ചികിത്സ നൽകാതെ അകത്തേക്ക് കയറിപ്പോയെന്നാണ് ആരോപണം.

രക്തം വാര്‍ന്നുപോകുന്നത് കണ്ട ആശുപത്രിയിലുണ്ടായിരുന്ന മറ്റൊരു രോഗിയുടെ കൂട്ടിരുപ്പുകാരിയാണ് മുറിവ് കഴുകി വൃത്തിയാക്കിയത്. പിന്നീടാണ് നഴ്സ് എത്തി പ്രാഥമിക ചികിത്സ നടത്തിയത്. സീനിയര്‍ ഡോക്ടര്‍ വരാൻ രണ്ട് മണിക്കൂറോളം കാത്തുനിര്‍ത്തി. അപ്പോഴാണ് പേ വിഷബാധയ്ക്ക് എതിരായ കുത്തിവെപ്പ് ആശുപത്രിയിൽ ഇല്ലെന്ന്മ നസിലാകുന്നത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ അപര്‍ണ നിരീക്ഷണത്തിലാണ്

click me!