'പോപ്പുലർ ഫ്രണ്ടിൽ 'പെട്ടുപോയവരെ' ലീഗിലെത്തിക്കാൻ ശ്രമിക്കണം' : കെഎം ഷാജി

By Web TeamFirst Published Sep 30, 2022, 8:20 PM IST
Highlights

പോപ്പുലർ ഫ്രണ്ടിൽ 'പെട്ടുപോയവരെ' ലീഗിലെത്തിക്കാൻ ശ്രമിക്കണം; അവരോട് മുഖം തിരിക്കരുത് : കെഎം ഷാജി

കോഴിക്കോട് : പോപ്പുലർ ഫ്രണ്ടിൽ നിന്നുള്ളവരെ മുസ്ലിംലീഗിലെത്തിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. പോപ്പുലർ ഫ്രണ്ടിൽ 'പെട്ടുപോയവരെ' ലീഗിലെത്തിക്കാൻ ശ്രമിക്കണമെന്നാണ് കെ എം ഷാജിയുടെ നിർദ്ദേശം. പിഎഫ്ഐയിൽ നിന്നുള്ളവരുമായി ആശയവിനിമയത്തിനുള്ള സാദ്ധ്യതകൾ തുറക്കണം. ലീഗല്ലാതെ മറ്റു വഴിയില്ലെന്ന് പ്രവർത്തകരെ പറഞ്ഞു മനസിലാക്കണം. പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അവരോട് മുഖം തിരിക്കരുത്. തെറ്റിദ്ധാരണകൾ മാറ്റി അവരെ തിരികെ കൊണ്ട് വരണമെന്നും ഷാജി കോഴിക്കോട്ട് പറഞ്ഞു. 

അതേ സമയം പോപ്പുലർ ഫ്രണ്ട് നിരോധനം സംബന്ധിച്ച തന്റെ നിലപാടിൽ മാറ്റമില്ലെന്നാണ് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ ആവർത്തിക്കുന്നത്.  ഒരു ബാപ്പക്ക് ജനിച്ചവനാണ് താനെന്നും നിരോധനം സ്വാഗതം ചെയ്ത നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണെന്ന് മുനീർ വ്യക്തമാക്കി. രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റുന്ന രീതി ലീഗുകാർക്കില്ലെന്നും മുനീർ കൂട്ടിച്ചേർത്തു. നിരോധനം സ്വാഗതം ചെയ്ത മുനീർ, നിലപാട് മാറ്റിയതായി പി എം എ സലാം പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുനീറിന്റെ പ്രതികരണം. 

പോപ്പുലർ ഫ്രണ്ട് നിരോധന വിവരം പുറത്ത് വന്നതിന് പിന്നാലെ നടപടിയെ പിന്തുണച്ച് മുസ്ലിം ലീഗ് നേതാവ് എം കെ മുനീറായിരുന്നു ആദ്യം രംഗത്തെത്തിയത്. മതത്തെ ദുർവ്യാഖ്യാനം ചെയ്യുന്ന സംഘടനയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെന്നും ഇത്തരം സംഘടനകളെ എതിർക്കേണ്ടത് സമുദായത്തിൽ നിന്നു തന്നെയാണെന്നുമായിരുന്നു മുനീറിന്റെ പ്രതികരണം. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആശയങ്ങളിലും രീതികളിലും തെറ്റിദ്ധരിക്കപ്പെട്ട യുവാക്കൾ കാര്യങ്ങൾ മനസിലാക്കണമെന്നാവശ്യപ്പെട്ട മുനീർ, തിരുത്തൽ വരുത്തണമെന്നും നിർദ്ദേശിച്ചിരുന്നു. 

എന്നാൽ പിഎംഎ സലാമിന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതു സംശയാസ്പദമെന്നായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി സലാമിന്റെ പ്രതികരണം. നിരോധനം പുറത്തു വന്ന ഉടൻ ലീഗ് നേതാക്കൾ പലരും ആദ്യം പ്രതികരിച്ചിരുന്നു. എന്നാൽ കാര്യങ്ങളെ കൃത്യമായി വിലയിരുത്തിയ ശേഷം വളരെ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും പി.എം.എ.സലാം വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുനീർ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് അസന്നിഗ്ധമായി അറിയിച്ചത്. 

പിഎഫ്ഐ ഹര്‍ത്താല്‍ അക്രമം: ഇന്ന് 45 അറസ്റ്റ്, ഇതുവരെ അറസ്റ്റിലായത് 2242 പേര്‍

പിഎഫ്ഐയുടെ ആസ്ഥാനമുള്‍പ്പെടെ പൂട്ടി

അതിനിടെ പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ സംസ്ഥാനത്തെ പിഎഫ്ഐയുടെ ആസ്ഥാനമുള്‍പ്പെടെ പൂട്ടി സീല്‍ ചെയ്തു. എന്‍ഐഎയുടെ നേതൃത്വത്തിലായിരുന്നു കോഴിക്കോട്ടെ സംസ്ഥാന സമിതി ഓഫീസായ യൂണിറ്റി സെന്‍റർ സീൽ ചെയ്തത്. നിരോധിച്ച  ക്യാംപസ് ഫ്രണ്ട് ഉൾപ്പെടെയുളള  പോഷക സംഘടനക  ഓഫീസുകളും സീൽ ചെയ്തു. കോഴിക്കോട് മീഞ്ചന്തയിലെ പിഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ യൂണിറ്റി സെന്റർ കേന്ദ്രീകരിച്ച് പണമിടപാടുൾപ്പെടെ നടന്നെ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എൻഐഎ സംഘം കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ഹാർഡ് ഡിസ്കുകൾ, ലഘുലേഖകൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് സീൽ ചെയ്യൽ നടപടിക്ക് എൻഐഎ സംഘമെത്തിയത്. റവന്യൂ അധിക‍ൃതർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ എൻഐഎ സംഘം കെട്ടിടത്തിൽ നോട്ടീസ് പതിച്ചു.  കെട്ടിടത്തിന്‍റെ ഉടമസ്ഥാവകാശ രേഖകളുൾപ്പെടെ എൻഎഐഎ സംഘം ശേഖരിച്ചിട്ടുണ്ട്. 

കോഴിക്കോട് ചക്കുംകടവിലുളള  ക്യാംപസ് ഫ്രണ്ടിന്റെ സംസ്ഥാന സമിതി ഓഫീസിലും റവന്യൂ - പൊലീസ് ഉദ്യോഗസ്ഥർ നോട്ടീസ് പതിച്ച് സീൽ ചെയ്തു.  ഓഫീസുകൾ കണ്ടുകെട്ടൽ നടപടിക്ക് കോഴിക്കോടാണ് തുടക്കമിട്ടത്.  പിഎഫ്ഐയുടെ കോഴിക്കോട്ടെ   ശക്തി കേന്ദ്രങ്ങളായ വടകര, നാദാപുരം ,തണ്ണീര്‍പന്തല്‍ ,കുറ്റ്യാടി എന്നിവിടങ്ങളിലെ ഓഫീസികളിലും അവരുടെ മറ്റ് ഓഫീസുക ളിലും പൊലീസ് എത്തി നോട്ടീസ് പതിപ്പിച്ചു. 

തിരുവനന്തപുരത്ത് മണക്കാട്, കൊല്ലം അഞ്ചല്‍ , ഇടുക്കി തൂക്കുപാലം, കണ്ണൂര്‍ താണ എന്നിവിടങ്ങളിലെ ഓഫീസുകളും പൂട്ടിച്ചു. കാസർകോട്,  പന്തളം  എന്നിവിടങ്ങളിലെ നടപടികൾക്കും എൻഐഎ സംഘം നേതൃത്വം നൽകി. ഹർത്താൽ ദിനത്തിൽ  പ്രകടനം നടത്തിയവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പൊലീസ് തുടങ്ങി. ഇതിനായി ഹർത്താൽ ദിനത്തിലെ വീഡിയോ ദൃശ്യങ്ങൾ പോലിസ് ശേഖരിച്ചു. ദൃശ്യങ്ങളിൽ തിരിച്ചറിയുന്നവർക്കെതിരെ നിയമനടപടികൾ തുടരുമെന്ന് പൊലീസ് അറിയിച്ചു. 

 

 

 


 

 

click me!