
ഇടുക്കി: നെടുങ്കണ്ടം ചേമ്പളത്ത് വീണ്ടും യുവാക്കളുടെ ആക്രമണം. കഴിഞ്ഞ തിരുവോണത്തിന് ഡിവൈഎഫ്ഐ പ്രവർത്തകർ കുട്ടികൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഇവരെ ഡിവൈഎഫ്‌ഐയില്‍ നിന്നും പുറത്താക്കിയിരുന്നു. ആക്രമണത്തിനെതിരെ അന്ന് പരാതിപ്പെട്ടവർക്ക് നേരെയാണ് വീണ്ടും ആക്രമണമുണ്ടായത്.
ചേമ്പളം സ്വദേശികളായ ലിനോ, ബെന്നിച്ചൻ, ആൽബിൻ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരുടെ ഓട്ടോ തടഞ്ഞുനിർത്തിയായിരുന്നു ആക്രമണം. കാറിലെത്തിയ സംഘം മൂവരെയും മർദിച്ചു. ലിനോയുടെ കൈ പുറകിൽ കെട്ടി തല്ലുകയായിരുന്നു.
കഴിഞ്ഞ തിരുവോണത്തിന് ഇതേ അക്രമിസംഘം രാത്രി സിനിമ കണ്ട് മടങ്ങുകയായിരുന്ന രണ്ട് കുട്ടികൾ ഉൾപ്പടെയുള്ള കുടുംബത്തേയും ഇത് ചോദ്യം ചെയ്ത മറ്റൊരു കുടുബത്തെയും ആക്രമിച്ചിരുന്നു. പരാതി നൽകിയെങ്കിലും ആദ്യം ഷാരോൺ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തില്ല. പ്രതിഷേധ സമരങ്ങൾക്കൊടുവിലാണ് ഒടുക്കം പ്രതികളെ പിടികൂടിയത്.
ഷാരോൺ അടക്കമുള്ളവർക്ക് എതിരെ മൊഴി കൊടുത്തതിലെ വൈരാഗ്യമാണ് ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിൽ. അടിയേറ്റ് വഴിയിൽ കിടന്ന മൂവരെയും വഴിയാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. ലിനോയുടെ പക്കലുണ്ടായിരുന്ന 6,500 രൂപയും അക്രമികൾ കവർന്നു. പ്രതികളെ ഉടൻ പിടികൂടണമെന്നും മേഖലയിൽ നിരന്തര പ്രശ്‌നമുണ്ടാക്കുന്ന ഇവരെ ഗുണ്ടാലിസ്റ്റിൽ ഉള്‍പ്പെടുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam