കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സംഘര്‍ഷം: പൊലീസ് നിരപരാധികളെ വേട്ടയാടുന്നെന്ന് ഡിവൈഎഫ്ഐ, മുഖ്യമന്ത്രിക്ക് പരാതി

By Web TeamFirst Published Sep 15, 2022, 9:34 PM IST
Highlights

പ്രതികളുടെ ബന്ധുവീടുകളിൽ അടക്കം എത്തി സ്ത്രീകൾ ഉൾപ്പടെയുള്ളവരെ പൊലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുകയാണെന്നാണ് ആരോപണം. 

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച കേസിന്‍റെ പേരിൽ നിരപരാധികളെ പൊലീസ് വേട്ടയാടുന്നെന്ന് ഡി വൈ എഫ് ഐ. പ്രതികളുടെ ബന്ധുവീടുകളിൽ അടക്കം എത്തി സ്ത്രീകൾ ഉൾപ്പടെയുള്ളവരെ പൊലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുകയാണെന്നാണ് ആരോപണം. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട്  മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലെയിന്‍റ് അതോറിറ്റിക്കും ഡി വൈ എഫ് ഐ പരാതി നൽകി. ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് പരാതി നൽകിയത്. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ക. അരുൺ ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ.

അതേസമയം പ്രതികൾക്കെതിരെ പുതിയൊരു വകുപ്പ് കൂടി ചുമത്തി. ഐ പി സി 333 വകുപ്പ് കൂടി അധികമായി ചേർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. പൊതുസേവകനെ ഗുരുതരമായി പരുക്കേൽപ്പിച്ചെന്ന വകുപ്പ് 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇതോടെ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലായിരുന്ന കേസ് ഇനി സെഷൻസ് കോടതിയാകും പരിഗണിക്കുക. കേസിൽ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ ഉൾപ്പടെ അഞ്ച് പ്രതികളാണ് റിമാൻഡിൽ കഴിയുന്നത്. 

മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാജീവനക്കാരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ കോഴിക്കോട് മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ ഉൾപ്പടെ അഞ്ച് പ്രതികളാണ് റിമാൻഡിലുള്ളത്. മുഴുവൻ പ്രതികളെയും പിടികൂടാത്തതിൽ വിമുക്ത ഭടന്മാരുടെ സംയുക്ത സംഘടന ശക്തമായ പ്രതിഷേധം തുടരുകയാണ്.

Read Also : മെഡിക്കൽ കോളേജ് ആക്രമണ കേസ്; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ 10 വ‍ർഷം തടവ് ലഭിക്കാവുന്ന കുറ്റം കൂടി ചുമത്തി

tags
click me!