ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിക്ക് 2026-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചേക്കും. ഇതിൽ പ്രതിഷേധിച്ച്, പെരുമ്പാവൂർ സീറ്റ് ലഭിച്ചില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് എംഎൽഎ ഭീഷണി മുഴക്കിയിട്ടുണ്ട്.
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് 2026-ല്‍ പെരുമ്പാവൂര്‍ സിറ്റിംഗ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കില്ലെന്നാണ് ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ബലാത്സംഗ കേസില്‍ എംഎഎല്‍എ കുറ്റാരോപിതനാണ് എന്നതാണ് ഇതിന് കാരണമായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, തനിക്ക് സീറ്റ് നല്‍കാത്തതില്‍ വലിയ പ്രതിഷേധത്തിലാണ് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. തനിക്ക് മാത്രം സീറ്റ് നിഷേധിച്ചത് നീതിനിഷേധമാണെന്നും പെരുമ്പാവൂര്‍ സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്നുമാണ് എൽദോസ് കുന്നപ്പിള്ളിയുടെ ഭീഷണി.
പീഡന കേസില്‍ കുരുങ്ങിയ എംഎല്‍എ
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്ക് എതിരായ കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ തിരുവന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് 2024 മെയ് മാസത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ബലാത്സംഗം, വധശ്രമം അടക്കമുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്. പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നതാണ് ഇവര്‍ക്കെതിരെ കുറ്റപത്രത്തില്‍ പറയുന്നത്.
പരാതിക്കാരിയായ യുവതിയെ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്‌തെന്ന് എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരായ കുറ്റപത്രത്തില്‍ പറയുന്നു. അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്‌തത് എന്നാണ് പരാതി. 2022 ജൂലൈ 04-നായിരുന്നു ഈ സംഭവം. തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് പിന്നീട് എംഎല്‍എ ബലാത്സംഗം ചെയ്‌തെന്നും കുറ്റപത്രത്തില്‍ പറയുന്നു. കോവളത്ത് വെച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചതായും കുറ്റപത്രത്തിലുണ്ട്. എംഎല്‍എ ബലാത്സംഗം ചെയ്‌തത് അഞ്ച് വര്‍ഷമായി പരിചയമുള്ള യുവതിയെയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ, സ്ത്രീ പീഡനക്കേസ് സംബന്ധിച്ച് തന്‍റെ നിരപരാധിത്വം കോണ്‍ഗ്രസ് നേതൃത്വത്തെ ബോധിപ്പിക്കാന്‍ എൽദോസ് കുന്നപ്പിള്ളി ശ്രമിച്ചിരുന്നു. എന്നിട്ടും എല്‍ദോസിന്‍റെ കാര്യത്തില്‍ അനുകൂല തീരുമാനം ഹൈക്കമാന്‍ഡ് ഇതുവരെ കൈക്കൊണ്ടില്ല. തനിക്ക് മാത്രം സീറ്റ് നിഷേധിച്ചത് നീതിനിഷേധമാണെന്നും സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്നുമാണ് എൽദോസ് കുന്നപ്പിള്ളിയുടെ ഇപ്പോഴത്തെ നിലപാട്. എൽദോസ് കുന്നപ്പിള്ളിക്കെതിരായ സ്ത്രീപീഡന കേസ് ഈ മാസം 26-ന് കോടതി പരിഗണിക്കുന്നുണ്ട്. എൽദോസിനെതിരെ കോടതിയിൽ എന്തെങ്കിലും പരാമർശമുണ്ടാകുമോ എന്ന ആശങ്കയും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. അതും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ കല്ലുകടിയാവുന്നതായാണ് വിവരം.
എല്‍ദോസ് കുന്നപ്പിള്ളി വിമതനായി മത്സരിക്കുമോ?
ദില്ലി ചർച്ചകളിൽ അനുകൂലമായ സമീപനം ഉണ്ടാവാത്തതിനെ തുടർന്ന് വിമതനായി മത്സരിക്കാനുള്ള നീക്കം എൽദോസ് കുന്നപ്പിള്ളി തുടങ്ങി. വിമതനായി മത്സരിക്കാൻ രണ്ട് മണ്ഡലങ്ങളാണ് അദേഹത്തിന് മുന്നിലുള്ളത്. ഒന്ന് സ്വന്തം മണ്ഡലമായ പെരുമ്പാവൂരും രണ്ടാമതായി പ്രതിപക്ഷ നേതാവിന്‍റെ മണ്ഡലമായ പറവൂരും. ഇവയിൽ ഏതെങ്കിലും ഒന്നിൽ മത്സരിക്കാനാണ് എല്‍ദോസിന്‍റെ നീക്കം. സീറ്റ് തടഞ്ഞത് വി ഡി സതീശനെന്നാണ് എൽദോസ് ക്യാംപിന്‍റെ ആരോപണം. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് വീണ്ടും സീറ്റ് നല്‍കാത്തതില്‍ സിറോ മലബാര്‍ സഭയുടെ സമ്മര്‍ദ്ദമുണ്ടെന്നും പറയപ്പെടുന്നു. യാക്കോബായ സഭാംഗമാണ് എല്‍ദോസ് കുന്നപ്പിള്ളി.
പെരുമ്പാവൂരില്‍ എൽദോസ് കുന്നപ്പിള്ളിക്ക് പകരം എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെയും യുഡിഎഫ് പരിഗണിക്കുന്നുണ്ട്. ഉല്ലാസ് തോമസ്, മനോജ് മൂത്തേടം തുടങ്ങിയവരും പരിഗണനയിലുള്ള പേരുകളാണ്.



