ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതികളായ പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ധനും ജാമ്യം. ഇരുവരുടെയും റിമാന്‍ഡ് കാലാവധി 90 ദിവസം പൂര്‍ത്തിയായതിനാൽ സ്വഭാവിക ജാമ്യമാണ് ലഭിച്ചത്. എസ്ഐടി ഇതുവരെ കേസിൽ കുറ്റപത്രം സമര്‍പ്പിക്കാത്തതും ജാമ്യം ലഭിക്കാൻ കാരണമായി.
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതികളായ പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ധനും ജാമ്യം. ഇരുവരുടെയും റിമാന്‍ഡ് കാലാവധി 90 ദിവസം പൂര്‍ത്തിയായതിനാൽ സ്വഭാവിക ജാമ്യമാണ് ലഭിച്ചത്. എസ്ഐടി ഇതുവരെ കേസിൽ കുറ്റപത്രം സമര്‍പ്പിക്കാത്തതും ജാമ്യം ലഭിക്കാൻ കാരണമായി. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ കേസിൽ ജാമ്യം ലഭിച്ച പ്രതികള്‍ പത്തായി. ഇതിൽ എട്ടുപേര്‍ക്കും കുറ്റപത്രം സമര്‍പ്പിക്കാൻ വൈകിയതിനെതുടര്‍ന്നുള്ള സ്വഭാവിക ജാമ്യമാണ് ലഭിച്ചത്.
നേരത്തെ ജാമ്യം തേടി ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഗോവര്‍ധൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി ഹര്‍ജി തള്ളുകയായിരുന്നു.ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നായിരുന്നു ഗോവർധൻ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. താൻ അയ്യപ്പ ഭക്തനാണെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് സുപ്രീം കോടതിയിൽ ഫയൽചെയ്ത ജാമ്യഹർജിയിൽ ഗോവർധൻ ചൂണ്ടിക്കാട്ടിയിരുന്നത്. തട്ടിയെടുത്ത സ്വർണം വാങ്ങിയെന്ന് ആരോപിച്ചാണ് കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനെ എസ്ഐടി അറസ്റ്റ് ചെയ്തത്.
കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയെന്നാണ് ഗോവര്‍ധൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ഒന്നരക്കോടി നൽകിയതിനുശേഷമാണ് സ്വർണം വാങ്ങിയത്. പണം നൽകിയതിന്‍റെ തെളിവുകളും ഗോവര്‍ധൻ എസ്ഐടിക്ക് നൽകിയിരുന്നു. ബോധപൂര്‍വം തട്ടിപ്പിന് കൂട്ടുനിന്നിട്ടില്ലെന്നും ശബരിമലയിലെ ആവശ്യത്തിനെന്ന് പറഞ്ഞാണ് പലപ്പോഴും പണം നൽകിയതെന്നും സുഹൃത്തെന്ന നിലയിലാണ് സ്വര്‍ണം വാങ്ങിയതെന്നുമാണ് ഗോവര്‍ധൻ മൊഴി നൽകിയിരിക്കുന്നത്.എന്നാൽ, ശബരിമലയിലെ സ്വര്‍ണമാണെന്നും അത് ദേവസ്വം സ്വത്താണെന്നും വ്യക്തമായി അറിഞ്ഞുകൊണ്ടാണ് ഗോവര്‍ധൻ തട്ടിപ്പിന് കൂട്ടുനിന്നതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
കഴിഞ്ഞ ദിവസം ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി രാജീവര്‍ക്കെതിരെ തെളിവിന്‍റെ കണികപോലുമില്ലെന്നതടക്കമുള്ള കൊല്ലം വിജിലൻസ് കോടതി പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന എസ്ഐടി അപ്പീൽ ഫയലിൽ സ്വീകരിച്ച ഹൈകോടതി തന്ത്രിക്ക് നോട്ടീസ് അയക്കുകയും ചെയ്തു. 41 ആം ദിവസം കണ്ഠരര് രാജീവർക്ക് ജാമ്യം നൽകി കൊല്ലം വിജിലൻസ് കോടതി നടത്തിയ നിരീക്ഷണങ്ങൾ എസ്ഐടിയക്ക് വലിയ തിരിച്ചടിയായിരുന്നു. സ്വർണ്ണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് തെളിയിക്കാൻ എസ്ഐടിക്ക് കഴിഞ്ഞില്ലെന്നും തെളിവിന്‍റെ കണികപോലുമില്ലെന്നുമായിരുന്നായിരുന്നു കോടതി നിരീക്ഷണം.
തന്ത്രിക്ക് ആചാരാപരമായി അധികാരം മാത്രമേ ഉള്ളൂവെന്നും ഭരണപരമായ അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപത്തിന് തെളിവില്ലെന്നും കണ്ടെത്തിയായിരുന്നു ജാമ്യം . എന്നാൽ അന്തിമ റിപ്പോർട്ട് നൽകാനിരിക്കുന്ന കേസിൽ വിചാരണ കോടതി ക്ളീൻ ചിറ്റ് നൽകിയത് കേസിന് തടസ്സമാകുമെന്ന് ഡിജിപി കോടതിയെ അറിയിച്ചു. ഈ വാദം പരിഗണിച്ചാണ് ഹൈക്കോടതി വിചാരണ കോടതിയുടെ പരമാർശം സ്റ്റേ ചെയ്തത്.
തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി തന്ത്രിക്ക് നോട്ടീസ് അയക്കാനും നിർദദേശിച്ചു. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് അപ്പീലിൽ എസ്ഐടി വാദിക്കുന്നത്. 2002 മുതൽ ബംഗലുരുവിൽ വെച്ച് ഇരുവരും കണ്ടിരുന്നതായും ശ്രീരാപുര അന്പലത്തിൽ ജോലി പോയപ്പോൾ മറ്റൊരു ക്ഷേത്രത്തിൽ കീഴ്ച ശാന്തിയാക്കാൻ തന്ത്രി ഇടപെട്ടതായും എസ്ഐടി അപ്പീീലിൽ പറയുന്നുണ്ട്. തന്ത്രിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ കണ്ടെത്തിയ കാര്യങ്ങളും കോടതിയെ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് എ ബദറുദ്ദീൻ ആണ് അപ്പീലിൽ വിശദമായ വാദം കേൾക്കുക.



