
കണ്ണൂര്‍: ധീരജ് വധവുമായി (Dheeraj Murder) ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് (K Sudhakaran) എതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്ഐ (DYFI) സംസ്ഥാന ഭാരവാഹികള്‍. കൊലയാളിയെപ്പോലും ലജ്ജിപ്പിക്കുന്ന നിലപാടാണ് സുധാകരന്‍റേതെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. കേരളത്തില്‍ കലാപത്തിന് ആഹ്വാനമാണ് സുധാകരന്‍ നടത്തുന്നത്. ഇളം ചോര ദാഹിക്കുന്ന ഡ്രാക്കുളയായി യൂത്ത് കോണ്‍ഗ്രസ് മാറിയെന്നും ഡിവൈഎഫ്ഐ പറഞ്ഞു.
'എസ്എഫ്ഐക്കാരന്‍റെ കൈ കൊണ്ട് കേരളത്തിലെ ക്യാമ്പസുകളില്‍ ഒരു വിദ്യാര്‍ത്ഥിയും മരിച്ചിട്ടില്ല. എന്നാല്‍ കെഎസ്‍യുക്കാര്‍ പ്രതികളായ നിരവധി കേസുകളുണ്ട്. കെഎസ്‍യുക്കാരന്‍റെ കൈകളാല്‍ ഒരു കെഎസ്‍യുക്കാരന്‍ തന്നെ കൊല്ലപ്പെട്ടിട്ടുണ്ട്. 1990 ല്‍ മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജില്‍ കെഎസ്‍യു പാനലില്‍ മത്സരിച്ച് ജയിച്ച സ്റ്റുഡന്‍റ് എഡിറ്റര്‍ ബഷീറിനെ കെഎസ്‍യുക്കാന്‍ തന്നെ കൊലപ്പെടുത്തി. കെഎസ്‍യു കൊലയാളി സ്റ്റുഡന്‍റ് യൂണിയനായ ശേഷമാണ് കേരളത്തിലെ ക്യാമ്പസുകളില്‍ നിന്ന് അപ്രസകത്മായത്'. യൂത്ത് കോണ്‍ഗ്രസിന്‍റെ സഹായത്തോട് കൂടി കെഎസ്‍യുവിനെ രക്ഷപ്പെടുത്താന്‍ കഴിയുമോയെന്ന ആലോചനയിലാണ് സുധാകരനെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.