
കണ്ണൂർ: മകൻ മതം മാറി വിവാഹം ചെയ്തതിന് പൂരക്കളി കലാകാരനെ വിലക്കിയ സംഭവത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. കരിവെള്ളൂരിൽ ഡിവൈഎഫ്ഐ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. ഇന്ന് വൈകുന്നേരം നടക്കുന്ന പരിപാടിയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി പങ്കെടുക്കും. വിലക്ക് സംഭവം ഇരയായ വിരോദ് പണിക്കർ നേരത്തെ തന്നെ സിപിഎം വേദിയിൽ ഉന്നയിച്ചിരുന്നു. വിഷയത്തിൽ ഇടപെടേണ്ടെന്നായിരുന്നു സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അന്നത്തെ നിലപാട്.
മകൻ മുസ്ലിം പെൺകുട്ടിയെ വിവാഹം കഴിച്ചതിന്‍റെ പേരിലാണ് കണ്ണൂർ കരിവെള്ളൂരിൽ പൂരക്കളി മറത്തുകളി കലാകാരനായ വിനോദ് പണിക്കരെ ക്ഷേത്രം കമ്മറ്റി വിലക്കിയത്. വിനോദ് പണിക്കരെ നേരത്തെ നിശ്ചയിച്ച പരിപാടിയിൽ നിന്നും മാറ്റി മറ്റൊരാളെക്കൊണ്ട് ചെയ്യിക്കുകയായിരുന്നു. ആചാരത്തിന് കളങ്കം വരുന്നതിനാലാണ് തീരുമാനമെന്നും മറ്റുള്ളവർ ഇക്കാര്യത്തിൽ ഇടപെടേണ്ട എന്നുമാണ് കരിവെള്ളൂർ കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്ര കമ്മറ്റിയുടെ നിലപാട്.
37 കൊല്ലമായി അനുഷ്ഠാന കലയെ നെഞ്ചേറ്റിയ വിനോദ് പണിക്കർക്കായിരുന്നു കഴിഞ്ഞ തവണത്തെ പൂരക്കളി അക്കാദമി മറത്തുകളി പുരസ്കാരം. മകൻ മതം മാറി കല്യാണം കഴിച്ചതിന് കരിവെള്ളൂർ കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്ര ഭാരവാഹികൾ മറത്തു കളിയിൽ നിന്ന് വിലക്കി. പകരം മറ്റൊരാളെ ഏൽപിച്ച് കളി നടത്തി. ഇതര മതത്തിൽപെട്ടയാൾ താമസിക്കുന്ന വീട്ടിൽ നിന്നും പണിക്കരെ കൊണ്ടുവരുന്നത് ആചാരലംഘനം ആണെന്നും വീടുമാറി മാറി താമസിച്ചാൽ മറത്തുകളിയിൽ പങ്കെടുപ്പിക്കാം എന്നുമായിരുന്നു കമ്മറ്റിക്കാരുടെ വാദം
തീയ സമുദായ ക്ഷേത്രം ജനറൽ ബോഡിയുടെതാണ് തീരുമാനം എന്നും മറ്റുള്ളവർ ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടതില്ല എന്നുമാണ് ഭാരവാഹികളുടെ നിലപാട്. ജന്മി ചൂഷണത്തിനെതിരെ ഐതിഹാസിക കർഷക സമരം നടന്ന കരിവെള്ളൂരിൽ മതത്തിന്റെ പേരിൽ വിവേചനം ഉണ്ടാകുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam