
പാലക്കാട്: ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ ഘടകത്തിൽ പൊട്ടിത്തെറി. ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരെ പരാതി നൽകിയ വനിതാ നേതാവ് സംഘടനയ്ക്ക് രാജിക്കത്ത് നൽകി. ആരോപണ വിധേയനെ പാർട്ടി സംരക്ഷിക്കുന്നതിലും, തനിക്കൊപ്പം നിലപാടെടുത്തവരെ തരംതാഴ്ത്തിയതിലും പ്രതിഷേധിച്ചാണ് രാജി.
പ്രായപരിധിയുടെ പേരിൽ ജില്ലാ സെക്രട്ടറിയെ മാറ്റുന്നതിന്റെ പേരിലാണ് പാലക്കാട് ഡിവൈഎഫ്ഐ ഘടകത്തിൽ പുനസംഘടന നടന്നത്. പ്രസിഡന്റും സെക്രട്ടറിയും മാറിയതിനൊപ്പം, പെൺകുട്ടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റിട്ട നേതാവിനെ ജില്ലാ വൈസ് പ്രസിഡന്റുമാക്കി. ജില്ലാ സെക്രട്ടേറിയേറ്റിൽ ഹാജർനിലയില്ലാത്തതിനാൽ നേരത്തെ ഇയൾക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഒപ്പം പെൺകുട്ടിക്ക് പിന്തുണ നൽകിയ ജില്ലാ സെക്രട്ടേറിയേറ്റംഗത്തെ ജില്ലാ കമ്മറ്റിയിലേക്കും തരംതാഴ്ത്തി. ഇയാളും സംഘടനയ്ക്ക് രാജിക്കത്ത് നൽകിയെങ്കിലും സ്വീകരിച്ചില്ല. പാർട്ടി ഫ്രാക്ഷൻ വഴി ഇദ്ദേഹം രാജി സമർപ്പിക്കാനാണ് നീക്കമെന്നാണ് സൂചന.
ആരോപണവിധേയനെ സംരക്ഷിക്കുന്നവർക്കൊപ്പം തുടർന്നുപോകാനാവില്ലെന്ന നിലപാടാണ് വനിതാ നേതാവ് യോഗത്തിൽ സ്വീകരിച്ചത്. തരംതാഴ്ത്തൽ ഉൾപ്പെടെയുളള നടപടികള്‍ക്കെതിരെ ചെർപ്പുളശ്ശേരി, പട്ടാമ്പി, പുതുശ്ശേരി ഘടകങ്ങൾ നിലപാടെടുത്തെങ്കിലും തീരുമാനത്തിൽ മാറ്റമുണ്ടായില്ല. ജില്ലാ സെക്രട്ടറിയായി പ്രേംകുമാറിനെ തൃത്താലയിൽ നടന്ന ജില്ലാ സമ്മേളനമാണ് തെരഞ്ഞെടുത്തത്. പ്രായപരിധി പിന്നിട്ടയാളാണെന്ന് നേരത്തെതന്നെ ആരോപണമുയർന്നിരുന്നു. പി കെ ശശിക്കെതിരെ പെൺകുട്ടി നൽകിയ പരാതി ഒത്തുതീർപ്പിന് ശ്രമിച്ചയാളാണെന്ന പ്രവർത്തകരുടെ ആരോപണം പരിഗണിക്കാതെയായിരുന്നു അന്നത്തെ തെരഞ്ഞെടുപ്പ്. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റിലാണ് നേതൃമാറ്റം ധാരണയിലെത്തിയത്.
ടി എം ശശിയാണ് പുതിയ ജില്ല സെക്രട്ടറി. പി പി സുമോദ് ജില്ലാ പ്രസിഡന്റുമാകും. ശശി പക്ഷത്തിന് ഡിവൈഎഫ്ഐ ഘടകത്തിൽ വീണ്ടും മേൽക്കൈ ഉറപ്പിക്കുന്നതാണ് പുനസംഘടയെന്നാണ് സൂചന. നേതൃമാറ്റത്തെക്കുറിച്ച് ധാരണയിലെത്താൻ മണ്ണാർക്കാട് മേഖലയിൽ ശശിയെ അനുകൂലിക്കുന്ന നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ രഹസ്യയോഗം ചേർന്നതായും വിവരമുണ്ട്. നേതൃസ്ഥാനത്തേക്ക് ഉയർന്നുവന്ന മറ്റ് പേരുകൾ വെട്ടിയാണ് പുതിയ തീരുമാനം. എന്നാൽ സംഘടനപരമായി സജീവമല്ലാത്ത ആളുകളെയും പ്രായപരിധി കഴിഞ്ഞ വരെയും മാത്രമാണ് ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam