ഇ- നിയമസഭ അഴിമതി ആരോപണം; 2 വർഷമായി യോഗം ചേർന്നിട്ടില്ല, റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Published : Aug 07, 2025, 07:54 PM ISTUpdated : Aug 07, 2025, 07:56 PM IST
v d satheesan

Synopsis

ഇ- നിയമസഭ പദ്ധതി അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങളും ചെലവഴിച്ച തുകയും സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

തിരുവനന്തപുരം: നിയമസഭാ നടപടിക്രമങ്ങള്‍ കടലാസ് രഹിതമാക്കുന്ന ഇ- നിയമസഭ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങളും ചെലവഴിച്ച തുകയും സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പദ്ധതിയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട നിയമസഭ ഉന്നതതല സമിതി യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ടു സാമാജികര്‍ ഉള്‍പ്പെടുന്ന ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെങ്കിലും യഥാസമയം യോഗങ്ങള്‍ ചേര്‍ന്ന് വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. 21.6.2023 ന് ശേഷം നാളിതുവരെ ഉന്നതതല സമിതി യോഗം ചേര്‍ന്നിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സമിതി അംഗങ്ങളായ യുഡിഎഫ് എംഎല്‍എമാര്‍ 12.06.25 നു സ്പീക്കര്‍ക്ക് കത്ത് നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവ് അയച്ച കത്തിന്റെ പൂര്‍ണരൂപം

'ഇ- നിയമസഭാ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സംബന്ധിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. നിയമസഭാ നടപടിക്രമങ്ങള്‍ കടലാസ് രഹിതമാക്കുന്നതിനായി 52 കോടി രൂപ ചെലവഴിച്ചു നടപ്പാക്കുന്ന പദ്ധതിയില്‍ ഗുരുതരമായ ക്രമക്കേടുകളും വീഴ്ചകളും ഉണ്ടായതായാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാക്കുന്നത്.

പ്രസ്തുത പദ്ധതിയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ടു നിയമസഭാ സാമാജികര്‍ ഉള്‍പ്പെടുന്ന ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെങ്കിലും യഥാസമയം യോഗങ്ങള്‍ ചേര്‍ന്ന് വസ്തുതകള്‍ സാമാജികരെ ബോധ്യപ്പെടുത്തുവാന്‍ നടപടി സ്വീകരിച്ചിട്ടില്ല എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. 21.6.23 നു ശേഷം നാളിതുവരെ ഉന്നതതല സമിതി യോഗം ചേര്‍ന്നിട്ടില്ല. ഈ കാര്യം ചൂണ്ടിക്കാട്ടി യോഗം വിളിച്ചു ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ട് സമിതി അംഗങ്ങളായ യുഡിഎഫ് എംഎല്‍എമാര്‍ 12.06.25 നു താങ്കള്‍ക്ക് കത്ത് നല്‍കിയിട്ടും നാളിതുവരെ യോഗം വിളിച്ചു ചേര്‍ത്തിട്ടില്ല. പാര്‍ലമെന്ററി അക്കൗണ്ടബിലിറ്റി ഉറപ്പാക്കുവാന്‍ ചുമതലപ്പെട്ട നിയമസഭ നടപ്പാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടു ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത് ആശങ്കാജനകമാണ്. ഈ കാര്യത്തില്‍ പൊതുസമൂഹത്തിനു മുന്നില്‍ വ്യക്തത വരുത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്തം സഭയ്ക്കും സാമാജികര്‍ക്കുമുണ്ട്.

ആയതിനാല്‍, ഇ നിയമസഭ പദ്ധതിയുമായി ബന്ധപ്പെട്ടു നാളിതുവരെ നടപ്പാക്കിയിട്ടുള്ള പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ചെലവഴിച്ച തുകയെ സംബന്ധിച്ചും പരിപൂര്‍ണ്ണമായ വിശദാംശങ്ങളും ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഉള്‍പ്പെടുത്തി ഒരു വിശദമായ റിപ്പോര്‍ട്ട് അടിയന്തരമായി ലഭ്യമാക്കണമെന്നും ഈ പദ്ധതിയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട നിയമസഭ ഉന്നതതല സമിതി യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.'-  പ്രതിപക്ഷ നേതാവിന്റെ കത്ത് 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്
ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും