അന്ന് 'കേരളം കത്തുന്ന' വിഷയം; ഇന്ന് കോടതി കയറിയിറങ്ങുന്നു, നെപ്പോളിയനെ പഴയപടിയാക്കാതെ ഇനി രക്ഷയില്ല!

Published : Oct 13, 2022, 03:49 PM IST
അന്ന് 'കേരളം കത്തുന്ന' വിഷയം; ഇന്ന് കോടതി കയറിയിറങ്ങുന്നു, നെപ്പോളിയനെ പഴയപടിയാക്കാതെ ഇനി രക്ഷയില്ല!

Synopsis

ആളുകളെ ആകർഷിക്കാൻ ഇവർ ക്യാരവാനിന്‍റെ നിറവും രൂപവും മാറ്റിയും അതിതീവ്ര ലൈറ്റുകൾ ഘടിപ്പിച്ചും  ടാക്സ് അടക്കാതെയും നിയമ ലംഘനം തുടർന്നപ്പോഴാണ് എംവിഡിയുടെ പിടി വീണത്.

യൂട്യൂബിൽ ഇരുപത് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും  ആരാധകർ വേറെ. സൂപ്പർ താര പരിവേഷത്തിലായിരുന്ന 'നെപ്പോളിയൻ' എന്ന ക്യാരവാൻ കഴിഞ്ഞ ഒരു വര്‍ഷവും രണ്ട് മാസവുമായി മോട്ടോർ വാഹന വകുപ്പിന്റെ കസ്റ്റഡിയിലാണ്. ഇന്ത്യയൊട്ടാകെ യാത്രചെയ്ത് വാൻ ലൈഫ് വ്ളോഗുകളിലൂടെ ആരാധകരെയുണ്ടാക്കിയ കണ്ണൂരിലെ സഹോദരൻമാരായ ലിബിനും എബിനും നിയമക്കുരുക്കിലായിട്ട് ഒരുവ‍ർഷവും പിന്നിട്ടു.

ആളുകളെ ആകർഷിക്കാൻ ഇവർ ക്യാരവാനിന്‍റെ നിറവും രൂപവും മാറ്റിയും അതിതീവ്ര ലൈറ്റുകൾ ഘടിപ്പിച്ചും  ടാക്സ് അടക്കാതെയും നിയമ ലംഘനം തുടർന്നപ്പോഴാണ് എംവിഡിയുടെ പിടി വീണത്.  കഴിഞ്ഞ വ‌‍ർഷം ഓഗസ്റ്റ് മാസമാണ് കണ്ണൂർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ക്യാരവാൻ കസ്റ്റഡിയിൽ എടുത്തത്.  വാഹനം കസ്റ്റഡിയിലെടുത്ത വിവരം യൂട്യൂബിലൂടെ  അറിയിച്ച ലിബിനും എബിനും എംവിഡി ഓഫീസിലേക്ക് എത്താൻ ഫോളോവേഴ്സിനോട്  ആഹ്വാനം ചെയ്തു.

42,400 പിഴ ഒടുക്കാൻ വിസമ്മതിച്ച ഇവർ എംവിഡി ഓഫീസിൽ ബഹളമുണ്ടാക്കി. മർദ്ദിക്കുന്നെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരോട് കയർത്തു. സോഷ്യൽ മീഡിയയിൽ ഇവർ നടത്തിയ പ്രചാരണത്തെ തുടർന്ന്  കൊവിഡ് മാനദണ്ഡം ലംഘിച്ച് യൂട്യൂബർമാരുടെ ഫോളോവേഴ്സ് ഓഫീസ് പരിസരത്ത് തടിച്ച് കൂടി.കണ്ണൂർ ടൗണ്‍ പൊലീസ് ലിബിനെയും എബിനെയും കസ്റ്റഡിയിലെടുത്തു ഓഫീസ് ആക്രമിച്ചതിന് കേസെടുക്കുകയും ചെയ്തിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ വാഹനം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് തലശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ ഇവ‍ർ ഹർജിയും നൽകി. ഈ ഹർജി  തള്ളിയപ്പോഴാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതിയും ഇവരുടെ ആവശ്യം നിരസിച്ചിരിക്കുകയാണ് ഇപ്പോള്‍. രൂപമാറ്റം വരുത്തിയ വാൻ എംവിഡി ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ പഴയപടിയാക്കണം. വാഹനം മറ്റൊരു ലോറിയിൽ മാത്രമേ കൊണ്ടുപോകാവൂ എന്നും നിയമലംഘനങ്ങള്‍ പരിഹരിച്ചുവെന്ന മോട്ടോർ വാഹന വകുപ്പിന്റെ  സർട്ടിഫിക്കറ്റ് കിട്ടും  വരെ വാഹനം റോഡിൽ ഇറക്കാൻ അനുമതിയില്ല എന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. സിനിമ താരം ഇന്ദ്രജിത്തിന്റെ ക്യാരവാൻ വാങ്ങി 'നെപ്പോളിയൻ' എന്ന പേരിൽ വീണ്ടും ഇറക്കി വാൻലൈഫ് തുടരുന്നുണ്ട് സഹോദരങ്ങൾ.

ഇ-ബുൾ ജെറ്റിന് തിരിച്ചടി; എംവിഡി പിടിച്ചെടുത്ത 'നെപ്പോളിയനെ' വിട്ടുകിട്ടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

PREV
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു