കലാപത്തിന് ആഹ്വാനം, കൊവിഡ് മാനദണ്ഡം ലംഘിച്ചു: ഇ-ബുൾ ജെറ്റ് കൂട്ടാളികൾക്ക് എതിരെയും കേസ്

Published : Aug 10, 2021, 01:52 PM ISTUpdated : Aug 10, 2021, 02:06 PM IST
കലാപത്തിന് ആഹ്വാനം, കൊവിഡ് മാനദണ്ഡം ലംഘിച്ചു: ഇ-ബുൾ ജെറ്റ് കൂട്ടാളികൾക്ക് എതിരെയും കേസ്

Synopsis

കണ്ണൂർ മോട്ടോർ വാഹന വകുപ്പ് ഓഫീസിന് മുന്നിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് തടിച്ചുകൂടിയതിന് ഇവരുടെ 17 കൂട്ടാളികൾക്കെതിരെയും കേസെടുത്തു

കണ്ണൂർ: സംസ്ഥാനത്തെമ്പാടും വിവാദമായ ഇ-ബുൾജെറ്റ് വ്ളോഗർമാർക്ക് എതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോവൻ. കലാപത്തിന് ആഹ്വാനം ചെയ്തതിന് കൊല്ലത്തും ആലപ്പുഴയിലും ഇവരുടെ രണ്ട് കൂട്ടാളികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കണ്ണൂർ മോട്ടോർ വാഹന വകുപ്പ് ഓഫീസിന് മുന്നിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് തടിച്ചുകൂടിയതിന് ഇവരുടെ 17 കൂട്ടാളികൾക്കെതിരെയും കേസെടുത്തു.

സമൂഹ മാധ്യമങ്ങൾ വഴി കലാപം ആഹ്വാനം ചെയ്തതിനാണ് കൊല്ലത്തും ആലപ്പുഴയിലും രണ്ടു പേർക്കെതിരെ കേസെടുത്തത്. സമൂഹ മാധ്യമങ്ങളിൽ യുവാക്കൾ യുക്തിരഹിതമായി പെരുമാറരുത്. ബിഹാറിൽ വച്ച് നിയമ ലംഘനം നടത്തിയ സംഭവത്തിൽ പൊലീസ് പ്രാഥമിക പരിശോധന തുടങ്ങി. വ്ളോഗർമാർ പൊതുമുതൽ നശിപ്പിച്ചിട്ടില്ലെന്ന് തെളിഞ്ഞാൽ ആ വകുപ്പ് എടുത്തു മാറ്റും. പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ ആഹ്വാനം നൽകിയാൽ 18 വയസിൽ കുറവുള്ള കുട്ടികളാണെങ്കിലും ജുവനൈൽ നിയമപ്രകാരം നടപടി ഉണ്ടാകുമെന്നും ഇളങ്കോവൻ വ്യക്തമാക്കി. പ്രതികളായ എബിനെയും ലിബിനെയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ കിട്ടാനായി കോടതിയിൽ അപേക്ഷ നൽകുമെന്നും കമ്മീഷണർ വ്യക്തമാക്കി.

വിവാദത്തിന്റെ തുടക്കം

ഇ ബുൾജെറ്റ് വ്ളോഗർമാരായ ലിബിൻ, എബിൻ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. നിയമവിരുദ്ധമായി ട്രാവലർ രൂപം മാറ്റിയതിന് പിഴയൊടുക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കണ്ണൂർ ആർടി ഓഫീസിലെത്തി ബഹളംവച്ചതിന് പിന്നാലെയായിരുന്നു നടപടി. ഉദ്യോഗസ്ഥർ തങ്ങളെ മർദ്ദിക്കുന്നു എന്നാക്രോശിച്ച് തത്സമയം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയ ഇവർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും പൊലീസ് കേസെടുക്കുകയായിരുന്നു.

വാൻ ലൈഫ് യാത്രകൾ നടത്തുന്ന ഇ ബുൾ ജെറ്റ് വ്ളോഗർമാരുടെ ട്രാവലർ കഴിഞ്ഞ ദിവസമാണ് കണ്ണൂർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാവിലെ കണ്ണൂർ എംവിഡി ഓഫീസിൽ എത്താൻ ഇരുവർക്കും നോട്ടീസും നൽകി. വാഹനം കസ്റ്റഡിയിലെടുത്ത വിവരം  യൂടൂബിലൂടെ അറിയിച്ച ഇവർ എംവിഡി ഓഫീസിലേക്ക് എത്താൻ ഫോളോവേഴ്സിനോട് ആഹ്വാനം ചെയ്തു.

ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ഓഫിലെത്തിയ സഹോദരങ്ങളോട് നികുതി കുടിശ്ശികയും, രൂപ മാറ്റം വരുത്തിയതിന്‍റെ പിഴയും ഉൾപ്പടെ 42,400 രൂപ ഒടുക്കണമെന്ന് എൻഫോഴ്സ്മെന്‍റ് ആർടിഒ ആവശ്യപ്പെട്ടു. പിഴ ഒടുക്കാൻ വിസമ്മതിച്ച ഇവർ ഓഫീസിൽ ബഹളമുണ്ടാക്കി. മർദ്ദിക്കുന്നെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരോട് കയർത്തു.

സോഷ്യൽ മീഡിയയിൽ ഇവർ നടത്തിയ പ്രചാരണത്തെ തുടർന്ന് കൊവിഡ് മാനദണ്ഡം ലംഘിച്ച് യൂട്യൂബർമാരുടെ ഫോളോവേഴ്സ് ഓഫീസ് പരിസരത്ത് തടിച്ച് കൂടി. പിന്നാലെ കണ്ണൂർ ടൗണ്‍ പൊലീസ് ലിബിനെയും എബിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എൻഫോഴ്സ്മെന്‍റ് ആർടിഒ പ്രമോദ് കുമാറിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം നിൽക്കൽ, കൊവിഡ് മാനദണ്ഡ ലംഘനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചെങ്കോട്ടയായ മണ്ഡലത്തിൽ ഇടതിന് അടിതെറ്റുമോ? കൂറ്റൻ ഭൂരിപക്ഷം ആയിരത്തിലേക്ക് താഴ്ന്ന കല്യാശേരിയിൽ ഇപിയടക്കം പരിഗണനയിൽ
'യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണം', മുഖ്യമന്ത്രിക്കും പൊലീസ് കമ്മീഷണർക്കും പരാതി നൽകി ദീപകിന്‍റെ കുടുംബം