മൂന്നാംഘട്ട വികസനത്തിൽ സർക്കാർ നിർദ്ദേശങ്ങൾ അവഗണിച്ചു; ടെക്നോപാർക്കിനെതിരെ മന്ത്രി ചന്ദ്രശേഖരൻ

By Web TeamFirst Published Jul 30, 2020, 5:17 PM IST
Highlights

ടെക്നോപാർക്കിനായി സർക്കാർ നടത്തിയ ഏറ്റവും വലിയ സഹായമായിരുന്നു ജലാശയങ്ങൾ ഉൾപ്പെട്ട ഭൂമി നികത്താനുള്ള ഉത്തരവ്.

തിരുവനന്തപുരം: മൂന്നാംഘട്ട വികസനത്തിൽ സർക്കാർ നിർദ്ദേശങ്ങൾ അവഗണിച്ച ടെക്നോപാർക്കിനെതിരെ റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ. ഭൂമി നികത്തുമ്പോൾ അതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഇ ചന്ദ്രശേഖരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ടെക്നോപാർക്ക് തോട് നികത്തിയെന്ന് കണ്ടെത്തലുകളും ഗുരുതരമാണ്. 

ടെക്നോപാർക്കിനായി സർക്കാർ നടത്തിയ ഏറ്റവും വലിയ സഹായമായിരുന്നു ജലാശയങ്ങൾ ഉൾപ്പെട്ട ഭൂമി നികത്താനുള്ള ഉത്തരവ്. റിയൽ എസ്റ്റേറ്റ് പദ്ധതികളെന്ന് ബോധ്യപ്പെട്ടിട്ടും വികസനം പറഞ്ഞ് 2018 മാർച്ചിൽ ഉത്തരവിറക്കി. ജലാശയങ്ങൾ നികത്താൻ അനുവദിക്കരുതെന്ന ഉദ്യോഗസ്ഥ തല റിപ്പോർട്ടുകൾ അവഗണിച്ചായിരുന്നു സർക്കാർ തീരുമാനം. എന്നാൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ ഉറപ്പാക്കണമെന്ന് സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഉത്തരവിറക്കി സഹായിച്ച സർക്കാരിനെയും വെട്ടിലാക്കി ടെക്നോപാർക്ക് നിർദ്ദേശം അവഗണിച്ചു. ഇത്തരം ലംഘനങ്ങൾ അനുവദിക്കാനാകില്ലെന്നാണ് റവന്യു നിലപാട്.

സർക്കാർ നിർദ്ദേശിച്ച സ്ഥലത്ത് ടെക്നോപാർക്ക് ജലസംരക്ഷണ പ്രവർത്തനം നടത്താതെ  നിർമ്മാണം നടത്തുന്നുവെന്ന കളക്ടറുടെ റിപ്പോർട്ടില്‍ മണ്ണടിച്ച് തോടിന്‍റെ ഗതി മാറ്റിയെന്നുമുണ്ട്. സർക്കാർ തന്നെ നോക്കുകുത്തിയാക്കിയ ഈ നടപടികൾക്ക് പുറമെ ടോറസിന് ഇഷ്ടമുള്ള സ്ഥലത്ത് മഴവെള്ള സംഭരണം അനുവദിക്കണമെന്ന ടെക്നോപാർക്ക് അപേക്ഷയും വിചിത്രമാണ്.

click me!