
ആലപ്പുഴ: കായംകുളം സ്കൂളിൽ നിന്നും കൊട്ടാരക്കര അംഗനവാടിയിൽ നിന്നും ഭക്ഷണം കഴിച്ച വിദ്യാത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ സാമ്പിൾ പരിശോധനാ ഫലം പുറത്ത്. രണ്ടിടത്തെയും ഭക്ഷ്യധാന്യങ്ങൾ ഭക്ഷ്യയോഗ്യമല്ലെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. കായംകുളം സ്കൂളിലെ വെള്ളത്തിൽ ഇ-കോളി ബാക്ടീരിയ സാന്നിധ്യവും സ്ഥിരീകരിച്ചു. അരിയിൽ പ്രാണികളുടെ അവശിഷ്ടങ്ങളും മുളകിൽ പൂപ്പലും കണ്ടെത്തി. കൊട്ടാരക്കര അങ്കണവാടിയിലെ കുട്ടികൾക്ക് വിതരണം ചെയ്ത അരി, പയർ, റവ എന്നിവയിലും പ്രാണികളെ കണ്ടെത്തി. സമാനമായ രീതിയിൽ ഭക്ഷ്യ വിഷബാധയേറ്റ വിഴിഞ്ഞം, കാസർകോട് സ്കൂളുകളിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ഇതുവരെയും ലഭിച്ചിട്ടില്ല.
സ്കൂൾ തുറന്നതിന് പിന്നാലെയാണ് കായംകുളം ടൗൺ ഗവ സ്കൂളിലെ 15 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായത്. സ്കൂളിൽ നിന്ന് വിതരണം ചെയ്ത സാമ്പാറും ചോറുമാണ് കുട്ടികൾ കഴിച്ചിരുന്നത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ കുട്ടികൾക്ക് വീണ്ടും വയറുവേദനയും ക്ഷീണവും അനുഭവപ്പെട്ടതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.
കൊട്ടാരക്കരയിൽ അങ്കണവാടി വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. ഇവിടെ നിന്നും ഭക്ഷണം കഴിച്ച നാല് കുട്ടികൾക്കാണ് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. ഇവിടെ നിന്നും 35 കിലോ പുഴുവും ചെള്ളും നിറഞ്ഞ അരി ആരോഗ്യ വകുപ്പ് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
മന്ത്രിമാരുടെ ഉച്ചയൂണ് ഇന്ന് വിദ്യാർത്ഥികൾക്കൊപ്പം: സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധന
ഭക്ഷ്യ വിഷബാധയുണ്ടായ വിഴിഞ്ഞത്തെ എൽ.എം എൽ.പി സ്കൂളിലെ രണ്ട് കുട്ടികളിൽ നേരത്തെ നോറോ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വൃത്തിഹീനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പടരുന്നതാണിത്. പകർച്ചാ ശേഷിയും കൂടുതലാണ്. അങ്ങനെയെങ്കിൽ ഭക്ഷണമോ വെള്ളമോ വൃത്തിഹീനമായ പരിസരമോ ഏതാണ് ഉറവിടം എന്നത് കണ്ടെത്തൽ പ്രധാനമാണ്.എന്നാൽ ഇവിടത്തെ പരിശോധനാ ഫലം ഇതുവരെയും ലഭിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam