'വിലക്കിയത് ഞാന്‍, എന്‍റെ വിലക്ക് നാളെ തീരില്ല'; ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്ന പ്രഖ്യാപനത്തിലുറച്ച് ഇ പി

Published : Aug 06, 2022, 07:19 PM ISTUpdated : Aug 06, 2022, 07:24 PM IST
'വിലക്കിയത് ഞാന്‍, എന്‍റെ വിലക്ക് നാളെ തീരില്ല'; ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്ന പ്രഖ്യാപനത്തിലുറച്ച് ഇ പി

Synopsis

മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജനും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്‍ഡിഗോ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.

തിരുവനന്തപുരം: യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്ന നിലപാടിലുറച്ച് ഇ പി ജയരാജന്‍. വിലക്കിയത് ഞാനാണ്, എന്‍റെ വിലക്ക് നാളെ തീരില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഇന്‍ഡിഗോയുടെ വിലക്ക് തീരാനാരിക്കെയാണ് ജയരാജന്‍റെ പ്രതികരണം. മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജനും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്‍ഡിഗോ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ജയരാജന് മൂന്ന് ആഴ്ചത്തേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചയുമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ ജൂണ്‍ 13 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ചിരുന്ന വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തപ്പോഴുണ്ടായ സംഭവത്തിലാണ് ഇന്‍ഡിഗോയുടെ നടപടി. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അവരെ തള്ളി വീഴ്ത്തിയ ജയരാജന്‍റെയും മൊഴി കമ്പനി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് നേരയുള്ള ആക്രമണത്തെ പ്രതിരോധിക്കുകയായിരുന്നുവെന്ന വാദമാണ് ജയരാജന്‍ ഉന്നയിച്ചത്. എന്നാല്‍ പ്രതിഷേധ മുദ്രാവാക്യം വിളിക്കുകമാത്രമേ ചെയ്തിട്ടുള്ളൂവെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ വാദം. 

ഇരുകൂട്ടരുടെയും മൊഴി പരിശോധിച്ച റിട്ട. ജഡ്ജി ആര്‍ എസ് ബസ്വാന അധ്യക്ഷനായ സമിത യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. ഇക്കഴിഞ്ഞ പതിനാറാം തിയതി മുതല്‍  മൂന്നാഴ്ചത്തേക്ക് ഇ പി ജയരാജന്‍ ഇന്‍ഡിഗോ വിമാനത്തില്‍ കയറരുത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ടാഴ്ചത്തേക്കും. വാര്‍ത്ത പുറത്ത് വന്ന വേളയില്‍ നോട്ടീസ് കിട്ടിയില്ലെന്ന് വാദിച്ച ജയരാജന്‍ പിന്നീട് യാത്രാവിലക്ക് ശരി വച്ച് ഇന്‍ഡിഗോക്കെതിരെ പ്രകോപിതനായി. നടന്ന് പോയാലും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്നായിരുന്നു ഇ പി ജയരാജന്‍ പ്രതികരിച്ചത്. 

PREV
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ