
കണ്ണൂര്‍: കണ്ണൂരിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി ഇ പി ജയരാജൻ. കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ജീവനക്കാരന്‍റെ സമ്പര്‍ക്കപ്പട്ടിക വിപുലമാണെന്നും മരണകാരണത്തെ കുറിച്ച് പ്രത്യക അന്വേഷണം നടത്തുമെന്നും ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി. രോഗവ്യാപനം തടയാൻ പ്രവാസികളുടെ പരിശോധന മാത്രമാണ് മാർഗ്ഗം. രാഷ്ട്രീയ മുതലെടുപ്പല്ല വേണ്ടത് ജനങ്ങളെ രക്ഷിക്കാനുള്ള ഇടപെടലാണ് ഉണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു.
മട്ടന്നൂരിലെ എക്സൈസ് ഡ്രൈവറായിരുന്ന കണ്ണൂർ ബ്ലാത്തൂർ സ്വദേശി സുനിൽ കുമാര്‍ ഇന്നലെയാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് ഇരുപത്തിയെട്ടുകാരനായ ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ 13 നാണ് ഇദ്ദേഹത്തെ പനി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശ്വാസ കോശത്തിന്‍റെയും വൃക്കയുടേയും പ്രവര്‍ത്തനത്തെ ബാധിച്ചതിനെത്തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ 7.30 ഓടെയാണ് മരണം സംഭവിച്ചത്. നേരത്തെ ഇദ്ദേഹത്തിന് മറ്റ് രോഗങ്ങളൊന്നുമുണ്ടായിരുന്നില്ല. പനികൂടി ന്യുമോണിയ ആയതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam