
കണ്ണൂര്‍: വായന എന്ന വാക്കിന് മറ്റൊരു അർത്ഥവും മാനവും കൈവന്ന കാലഘട്ടമാണിത്. വായനയെന്നാൽ പുസ്തകം എന്ന് മാത്രം കേട്ടിരുന്ന കാലത്ത് നിന്ന് ഡിജിറ്റൽ വായനയിലേക്ക് അതിവേഗം എത്തിച്ചേർന്നിരിക്കുകയാണ് എല്ലാവരും. എന്നാലും പുസ്തകം വാങ്ങി, വായിച്ച്, സൂക്ഷിച്ചു വയ്ക്കുന്നതിന്റെ സന്തോഷം ഇപ്പോഴും ആഗ്രഹിക്കുന്ന ധാരാളം മനുഷ്യരുണ്ട് നമുക്ക് ചുറ്റും. ജീവിതത്തിന്റെ പ്രതിസന്ധികൾക്കിടയിലും പുസ്തകങ്ങളെയും വായനയെയും ചേർത്തുപിടിക്കുന്ന അപൂർവ്വം വ്യക്തികളിലൊരാളാണ് കണ്ണൂർ ജില്ലയിലെ പൂക്കോടൻ ചന്ദ്രൻ. പക്ഷാഘാതത്തെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകളുണ്ടങ്കിലും വായന മുടക്കാന്‍ ചന്ദ്രന്‍ തയ്യാറല്ല.
അരണ്ട വെളിച്ചത്തിലിരുന്ന് ബീഡി തെറുക്കുന്ന തൊഴിലാളികൾക്കിടയിലിരുന്ന് അവർക്ക് പുസ്തകം വായിച്ചു കൊടുക്കുന്നതാണ് ചന്ദ്രന്റെ വായന ഓർമ്മ. അന്ന് ചന്ദ്രന് വയസ്സ് പതിമൂന്ന്. വായിക്കുന്നത് മാക്സിം ഗോർക്കിയുടെ അമ്മ എന്ന പുസ്തകം. മോഹങ്ങളേയും മോഹഭംഗങ്ങളെയും അതിജീവിച്ച് ലോകമെമ്പാടുമുള്ള അമ്മമാരിലൂടെ വിപ്ലവത്തിന്റെ സ്വപ്നം വിതറിയ കഥ. അപ്പോൾ നെറ്റിയിലെ വിയർപ്പ് തുടച്ചും നെടുവീർപ്പിട്ടും തൊഴിലാളികൾ കൈയിലെ കത്രികയും ഇലയും താളത്തിൽ ചലിപ്പിക്കും. വായിച്ചു തീർത്താൽ ആ പുസ്തം ലേലത്തിൽ ചന്ദ്രൻ സ്വന്തമാക്കും.
എട്ടാം ക്ലാസിൽ ചന്ദ്രന് പഠനം നിർത്തേണ്ടിവന്നു. പിന്നീട് ബീഡി തൊഴിലാളിയായി ജീവിതം തുടങ്ങി. ബീഡി തൊഴിലാളി ചന്ദ്രൻ പിന്നെ തൊഴിലാളി നേതാവായി. സിപിഎമ്മിന്റെ സജീവ പ്രവർത്തകനായി. എല്ലാ തിരക്കിനിടയലും ചന്ദ്രൻ വായിച്ചു. ലേഖനങ്ങളും കവിതയും എഴുതി. ടോൾസ്റ്റോയിയും ബഷീറും എസ്കെ പൊറ്റക്കാടുമൊക്കെയാണ് പ്രിയപ്പെട്ട എഴുത്തുകാർ. ചങ്ങമ്പുഴയുടെ കാര്യം പറയുമ്പോൾ പ്രത്യയശാസ്ത്രത്തെ ചന്ദ്രൻ കൂട്ട് പിടിക്കും. ഏഴ് മാസം മുൻപ് പക്ഷാഘാതം വന്ന് വലത് കൈയും കാലും തളർന്ന് കിടപ്പിലായി. എന്നിട്ടും ചന്ദ്രൻ വായന മുടക്കിയില്ല. മക്കളും ഭാര്യയുമാണ് ഇപ്പോൾ ചന്ദ്രന് പുസ്തകങ്ങൾ വായിച്ചുകൊടുക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam