
കൊല്ലം: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ വരൾച്ച രൂക്ഷം. തെന്മല- ആര്യങ്കാവ് അതിർത്തി പ്രദേശമായ വാലുപറമ്പുകാർക്ക് കുടിവെള്ളം കിട്ടാക്കനിയായ നിലയിലാണ്. വലിയ കുന്നിന് മുകളിൽ താമസിക്കുന്ന ഇവിടുത്തുകാർ വെള്ളമെടുക്കണമെങ്കിൽ ഒന്നരക്കിലോമീറ്ററോളം താഴെയുള്ള പുഴയിലെത്തണം.
ഇരുപതു വർഷം മുന്പാണ് സരിതയെ വാലുപറന്പിലേക്ക് വിവാഹം കഴിച്ചുകൊണ്ടു വന്നത്. ഇക്കാലമത്രയും വേനൽക്കാലം ദുരിതകാലമെന്നാണ് സരിത പറയുന്നത്. ചൂട് കൂടിയതോടെ കിണറുകളിലെ വെള്ളം വറ്റി. കുന്നിറങ്ങി കഴുതുരുട്ടിയാലെത്തിയാലാണ് ഇപ്പോൾ കുടിവെളളം കിട്ടുക. സരിതയുടെ മാത്രമല്ല വാലുപറന്പിലെ അറുപതോളം കുടുംബങ്ങളുടേയും അവസ്ഥ ഇതുതന്നെ. വെള്ളമെടുത്ത് ചെങ്കുത്തായ പ്രദേശത്തു കൂടി സർക്കസ് കാണിച്ചുവേണം വീട്ടിലെത്താൻ. പലരും പലതവണ കാലിടറി വീണു. ചിലർക്ക് സാരമായി പരിക്കേറ്റു.
കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തെന്മല പഞ്ചായത്ത് കയറിയറങ്ങി മടുത്തുവെന്നാണ് ഇവിടുത്തുകാർ പറയുന്നത്. സ്ഥലം എംഎൽഎക്കും ജില്ലാ കളക്ടർക്കും പരാതി നൽകി. പക്ഷേ യാതൊരു നടപടിയുമുണ്ടായില്ല. അടിയന്തരമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം. അതേസമയം കുടിവെള്ള പ്രശ്നം ഉടൻ പരിഹരിക്കുമെന്ന പതിവ് വിശദീകരണമാണ് തെന്മല പഞ്ചായത്ത് നൽകുന്നത്. എംഎസ്എൽ മുതൽ അര്യങ്കാവ് പഞ്ചായത്തിന്റെ അതിർത്തി വരെയുളള വരൾച്ച രൂക്ഷമായിടങ്ങളിൽ വെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതർ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam