കെഎസ്ആര്‍ടിസി പ്രതിസന്ധി പരിഹരിക്കാന്‍ സാമ്പത്തിക പാക്കേജ്, ഈ മാസത്തെ ശമ്പളം 5ന് മുമ്പ് നല്‍കും

By Web TeamFirst Published Dec 28, 2019, 11:38 AM IST
Highlights

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി പാക്കേജ് സമയബന്ധിതമായി നടപ്പാക്കും. ജീവനക്കാരുടെ ജനുവരിമാസത്തെ ശമ്പളം 5 ന് മുമ്പ് വിതരണം ചെയ്യും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് സമഗ്രസാമ്പത്തിക പാക്കേജുമായി സംസ്ഥാനസര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി പാക്കേജ് സമയബന്ധിതമായി നടപ്പാക്കും. ജീവനക്കാരുടെ ജനുവരിമാസത്തെ ശമ്പളം 5 ന് മുമ്പ് വിതരണം ചെയ്യും. ഇതോടൊപ്പം ത്രികക്ഷികരാര്‍ ഉണ്ടാക്കുമെന്നും ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.

'കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ ബസുകള്‍ ഇറക്കേണ്ടി വരും. കിഫ്ബിയില്‍ നിന്നും ബജറ്റില്‍ പറഞ്ഞതിനനുസൃതമായി സാമ്പത്തിക സഹായം സ്വീകരിച്ച് ബസുകള്‍ നിരത്തിലിറക്കും'. കിഫ്ബി നിബന്ധനകളില്‍ നിന്നും കെഎസ്ആര്‍ടിസിക്ക് ചില ഇളവുകള്‍ നല്‍കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി ഇന്ന് നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. സമരത്തില്‍ നിന്നും തൊഴിലാളികള്‍ പിന്നോട്ട് പോകുമെന്നാണ് കരുതുന്നതെന്നും ഗതാഗതമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയിൽ കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് അടുത്ത മാസം 20 മുതൽ അനിശ്ചിതകാല പണിമുക്ക് പ്രഖ്യാപിച്ചിരുന്നു. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ടിഡിഎഫ് സമരം പിന്‍വലിച്ചിട്ടുണ്ട്,

കഴിഞ്ഞ മൂന്ന് മാസമായി കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്.മാസങ്ങളായി രണ്ട് തവണകളായാണ് ശമ്പളം വിതരണം ചെയ്യുന്നത്. പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു അഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടന ഈ മാസം 2 മുതല്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ സത്യാഗ്രഹ സമരം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെ പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫും സത്യഗ്രഹസമരം തുടങ്ങി. എഐടിയുസിയുടെ യൂണിയനും സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്നുണ്ട്. ഇതോടെയാണ് മന്ത്രി ഇടപെട്ട് അടിയന്തര നടപടി സ്വീകരിച്ചത്.

click me!