സ്വപ്നയുടെ ശബ്ദരേഖ: അന്വേഷണം നടത്തണം, ജയിൽ ഡിജിപിക്ക് ഇഡിയുടെ കത്ത്

By Web TeamFirst Published Nov 20, 2020, 7:51 PM IST
Highlights

ജുഡിഷ്യൽ കസ്റ്റഡിയിലെ പ്രതിയുടെ ശബ്ദരേഖ ചോർന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നാണ് കത്തിലെ ഉള്ളടക്കം. അന്വേഷണ റിപ്പോർട്ട് ഇഡിക്കും നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോർന്നതിനെക്കുറിച്ച് ജയിൽ ഡിജിപിക്ക് ഇഡിയുടെ കത്ത്. ജുഡിഷ്യൽ കസ്റ്റഡിയിലെ പ്രതിയുടെ ശബ്ദരേഖ ചോർന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നാണ് കത്തിലെ ഉള്ളടക്കം. അന്വേഷണ റിപ്പോർട്ട് ഇഡിക്കും നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ശബ്ദരേഖയെന്നും മുഖ്യപ്രതിയെ മാപ്പുസാക്ഷിയാക്കാൻ തീരുമാനിച്ചിട്ടില്ലെന്നുമാണ് ഇഡി നിലപാട്. ഇഡി രേഖപ്പെടുത്തിയ എല്ലാ മൊഴികളും സ്വപ്ന വായിച്ച് കേട്ട് ഒപ്പിട്ടതാണെന്നും ശബ്ദരേഖയിൽ പറയുന്ന ആറാം തീയതിയെന്ന ദിവസം സ്വപ്നയുടെ രേഖപ്പെടുത്തിയിട്ടില്ലെന്നും ഇഡി വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് പൊലീസിനോട് ഇഡി അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. 

എന്നാൽ, ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിൻറെ ശബ്ദരേഖ ചോർച്ചയിൽ ജയിൽ വകുപ്പിന്റെ പരാതിയിൽ പൊലീസ് അന്വേഷണമുണ്ടാകില്ല. ജയിലിൽ നിന്നല്ല ശബ്ദരേഖ ചോർന്നതെന്ന് ജയിൽവകുപ്പ് കണ്ടെത്തിയ സാഹചര്യത്തിലാണിത്.  

സ്വപ്നയുടെ ശബ്ദരേഖയെ ചൊല്ലിയുള്ള വിവാദം ശക്തമാകുമ്പോഴാണ് ചോർച്ചയിൽ അന്വേഷണം നടത്താനാകില്ലെന്ന പൊലീസ് നിലപാട്. ശബ്ദം തന്റേതെന്ന് സ്വപ്ന തിരിച്ചറിഞ്ഞു, ജയിലിൽ നിന്നല്ല റെക്കോർഡ് ചെയ്തതെന്ന ജയിൽ വകുപ്പ് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടുള്ള ജയിൽവകുപ്പിൻറെ പരാതി നിലനിൽക്കില്ലെന്ന് നിയമവിദഗ്ധർ പോലീസിനെ അറിയിച്ചത്. എജിക്കും ഇതേ നിലപാടാണുള്ളത്. 

അതേ സമയമാണ് ജയില്‍ വകുപ്പിനെയും പൊലീസിനെയും വെട്ടിലാക്കിയുള്ള ഇഡിയുടെ നീക്കം.   സ്വപ്ന കൂടി ഉൾപ്പെട്ട ഗൂഢാലോചനയാണോ ശബ്ദരേഖ ചോർച്ചക്ക് പിന്നിലെന്ന് ഇഡി സംശയിക്കുന്നു. ശബ്ദരേഖയിലെ സ്വപ്നയുടെ പരാതികൾ ഇഡി തള്ളി. സ്വപ്നയെ മാപ്പ് സാക്ഷിയാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും, മൊഴികളെല്ലാം സ്വപ്നയെ വായിച്ച് കേൾപ്പിച്ചാണ് കോടതിയിൽ നൽകിയതെന്നും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വിശദീകരിക്കുന്നു.

click me!