സ്വപ്ന സുരേഷ് പാസ്‌വേർഡ് മാറ്റി, ഇമെയിൽ വിവരങ്ങൾ കിട്ടുന്നില്ല: എൻഐഎ കോടതിയെ സമീപിച്ച് ഇഡി

By Web TeamFirst Published Jun 23, 2022, 6:48 PM IST
Highlights

സ്വപ്ന സുരേഷ് നയതന്ത്ര സ്വർണക്കടത്ത് കേസിൽ കസ്റ്റഡിയിലായിരുന്ന സമയത്ത് എൻഐഎ മെയിൽ വിവരങ്ങൾ ശേഖരിച്ചിരുന്നു

കൊച്ചി: സ്വപ്ന സുരേഷിന്റെ ഇ മെയിൽ വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് അന്വേഷണ സംഘം എൻ ഐഎ കോടതിയിൽ അപേക്ഷ നൽകി. സ്വപ്ന സുരേഷ് നയതന്ത്ര സ്വർണക്കടത്ത് കേസിൽ കസ്റ്റഡിയിലായിരുന്ന സമയത്ത് എൻഐഎ മെയിൽ വിവരങ്ങൾ ശേഖരിച്ചിരുന്നു. പാസ്‌വേർഡ് മാറ്റിയതോടെ സ്വപ്ന ഒഴികെ മറ്റാ൪ക്കു൦ വിവരങ്ങൾ ലഭ്യമായിരുന്നില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ് അന്വേഷണം തുടരുന്നതിനാൽ മെയിൽ വിവരങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡിയുടെ ഹ൪ജി.

ഡോളർക്കടത്ത് കേസിൽ പ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന് നൽകാനാകില്ലെന്ന് കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. ഇഡിയുടെ അപേക്ഷ പരിഗണിച്ച എറണാകുളം എസിജെഎം കോടതി ഹർജി തീർപ്പാക്കി. കുറ്റപത്രം സമർപ്പിക്കാത്ത കേസിലെ മൊഴി ഇഡിക്ക് നൽകുന്നതിനെ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് എതിർത്തിരുന്നു.

അന്വേഷണം തുടരുന്നതിനാൽ കോടതി വഴി മൊഴിപകർപ്പ് നൽകാനാകില്ലെന്നും എന്നാൽ നേരിട്ട് അപേക്ഷ നൽകിയാൽ മൊഴി കൈമാറാമെന്നുമായിരുന്നു കസ്റ്റംസ് നിലപാട്. നേരത്തെ കസ്റ്റംസിനോട് പറഞ്ഞ കാര്യങ്ങളാണ് താനിപ്പോൾ പുറത്ത് പറയുന്നതെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് രഹസ്യമൊഴി ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത്. സംസ്ഥാനത്തെ പല പദ്ധതികളിൽ നിന്നുള്ള കമ്മീഷൻ പ്രതികളായ സ്വപ്ന സുരേഷും സരിത്തും ഡോളറാക്കി വിദേശത്തേക്ക് കടത്തി എന്നാണ് കേസ്.

അതേസമയം സ്വപ്നയുടെ രഹസ്യമൊഴി ഉണ്ടാക്കിയ പ്രകമ്പനങ്ങൾ ഇനി നിയമസഭയിലേക്ക് പോവുകയാണ്. തിങ്കളാഴ്ച തുടങ്ങുന്ന പ്രതിപക്ഷത്തിന്‍റെ ചോദ്യമുന മുഴുവൻ മുഖ്യമന്ത്രിക്ക് നേരെയാണ്. 2016-ൽ മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന സ്വർണ്ണക്കടത്ത് കേസ് പ്രതിയുടെ ആരോപണം ശ്രദ്ധയിൽപ്പെട്ടോ, എന്ത് നടപടി എടുത്തു കോടതിയിൽ മൊഴി നൽകിയ സ്വർണ്ണക്കടത്ത് കേസിലെ പ്രതിയെ സ്വാധീനീച്ച് മൊഴിമാറ്റാൻ ഒരു മുൻ മാധ്യമപ്രവർത്തകൻ ഇടനിലക്കാരനായോ, ഇടനിലക്കാരനും മുൻ വിജിലൻസ് മേധാവിയും നിരവധി തവണ സംസാരിച്ചോ, സംസാരിച്ചെന്ന് കണ്ടെത്തിയ ഇൻറലിജൻസ് റിപ്പോർട്ട് കിട്ടിയോ, സ്വർണ്ണക്കടത്ത് കേസിലെ ഒരു പ്രതിയെ പാലക്കാട് നിന്നും വിജിലൻസ് പിടിച്ചുകൊണ്ടുപോയത് എന്തിനാണ്, വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ എൽഡിഎഫ് കൺവീനർ ആക്രമിച്ചതായി പരാതി കിട്ടിയോ എന്നിങ്ങനെ നക്ഷത്ര ചിഹ്നമിട്ടതും നക്ഷത്ര ചിഹ്നമിടാത്തതുമായ പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങളേറെയും സ്വർണ്ണക്കടത്തിൽ ചുറ്റിയാണ്.

രഹസ്യമൊഴിയെ ഗൂഢാലോചന വെച്ച് നേരിടുന്ന ഇടത് പ്രതിരോധമാണ് സഭയിലും ആവർത്തിക്കുക എന്ന് കാണിക്കുന്നതാണ് ഭരണപക്ഷ ചോദ്യങ്ങൾ. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ രഹസ്യമൊഴിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടോ, മൊഴിക്ക് പിന്നാലെ സംഘടനകൾ അക്രമ സമരത്തിനും കലാപത്തിനും ശ്രമിച്ചിരുന്നോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധം ഇതിന്‍റെ ഭാഗമാണോ എന്നിങ്ങനെയാണ് പിണറായിയോടുള്ള ഭരണപക്ഷ ചോദ്യങ്ങൾ.

പ്രമാദവിഷയങ്ങളിലെ പല ചോദ്യങ്ങൾക്കും സർക്കാർ പലപ്പോഴും ഉത്തരം കൃത്യസമയത്ത് നൽകാതെ നീട്ടിക്കൊണ്ട് പോകുന്ന പതിവ് സ്വർണ്ണക്കടത്തിലും പ്രതീക്ഷിക്കാനും സാധ്യതയേറെയാണ്. ചോദ്യങ്ങൾക്കപ്പുറം അടിയന്തിര പ്രമേയമായും സബ് മിഷനുമായും സ്വർണ്ണക്കടത്ത് വരും. മുഖ്യമന്ത്രിയെ ഉന്നമിട്ടുള്ള നീക്കങ്ങളിൽ പ്രധാനമായിരുന്ന പി ടി തോമസിന്‍റെ അസാന്നിധ്യം പ്രതിപക്ഷനിരയിലുണ്ട്. പിടിക്ക് പകരം ഭാര്യ ഉമാ തോമസ് എത്തുന്ന സമ്മേളനത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പും സ്വർണ്ണക്കടത്തിനൊപ്പം ചർച്ചയാകും.

click me!