പിണറായിയുടെ വീട്ടിലെ റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്, ഒന്നാം പ്രതിക്ക് ജാമ്യമില്ല, ഹർജി തള്ളി തിരുവനന്തപുരം കോടതി

Published : Jul 28, 2026, 05:14 PM IST
ed attack

Synopsis

വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ പിണറായിയുടെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി നിധിൻ രാജിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. കേസിൽ അറസ്റ്റിലായ ഭൂരിഭാഗം പ്രതികളും രണ്ട് മാസമായി ജയിലിലാണ്

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി നിധിൻ രാജിന് ജാമ്യമില്ല. നിധിൻ രാജിന്‍റെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയാണ് തള്ളിയത്. കേസില്‍ അറസ്റ്റിലായ പ്രതികളിൽ ഒരാൾക്ക് ഒഴികെ ജാമ്യം ലഭിച്ചിട്ടില്ല. ഒൻപതാം പ്രതി ഹരീഷ് കുമാറിന് മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചത്. പബ്ലിക് പ്രോസിക്യൂൂട്ടർ ഗീനാകുമാരി പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായി വാദിച്ചതിനാലാണ് ഈ പ്രതിക്ക് ജാമ്യം ലഭിച്ചതെന്നാണ് പ്രോസിക്യൂഷൻ നിലപാട്. മറ്റുള്ളവരെല്ലാം രണ്ട് മാസക്കാലമായി ജയിലിലാണ്.

മെയ് 27 ന് റെയ്ഡും ആക്രമണവും

പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ മെയ് 27 നാണ് ഇ ഡി എട്ട് മണിക്കൂറോളം നീണ്ട മിന്നൽ പരിശോധന നടത്തിയത്. പിണറായിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സി എം ആർ എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്. മാസപ്പടി കേസിലെ ഇ ഡി അന്വേഷണത്തിനുള്ള നിയമപരമായ തടസ്സങ്ങൾ ഹൈക്കോടതി നീക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു റെയ്ഡ്. രാവിലെ മുതൽ തന്നെ സി പി എം, ഡി വൈ എഫ് ഐ, എസ് എഫ് ഐ പ്രവർത്തകർ പിണറായിയുടെ വീട്ടിലെ റെയ്ഡിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്ഥർ പുറത്തേക്ക് മടങ്ങിയ വാഹനങ്ങൾ വളഞ്ഞ സി പി എം ഡി വൈ എഫ് ഐ, എസ് എഫ് ഐ പ്രവർത്തകർ കല്ലുകൾ, ഇഷ്ടികകൾ, മരക്കഷ്ണങ്ങൾ (കുരവടികൾ) എന്നിവ ഉപയോഗിച്ച് കാറുകൾ ആക്രമിക്കുകയായിരുന്നു. പൊലീസ് പിന്നീട് പാളയത്തെ സി പി എം ഏര്യാ കമ്മിറ്റി ഓഫീസ് വളഞ്ഞെങ്കിലും നേതാക്കളുമായി സംസാരിച്ച ശേഷം അകത്തുകയറാതെ മടങ്ങി. പിന്നാലെ പ്രതികളിൽ ഓരോരുത്തരായി കീഴടങ്ങുകയായിരുന്നു.

ആ നഷ്ടം ഇഡി നികത്തി

അതേസമയ സി പി എം ആക്രമണത്തിൽ തകർന്ന ടാക്സിക്ക് കഴിഞ്ഞ ദിവസം ഇ ഡി നഷ്ടപരിഹാരം നൽകിയിരുന്നു. മുഴുവൻ നഷ്ടപരിഹാരത്തുകയും ഇഡി കൈമാറി. തിരുവനന്തപുരം സ്വദേശിയായ ടാക്സി ഡ്രൈവർക്ക് ആണ് പണം കൈമാറിയത്. ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയാണ് നഷ്ടപരിഹാരം ലഭിച്ചത്. നേരത്തെ സി പി എം ഈ നഷ്ടം നൽകുമെന്ന് അറിയിച്ചെങ്കിലും പിന്നീട് പിന്മാറിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ, ഖജനാവിൽ നിന്ന് ചോർച്ചയുണ്ടാകുന്നുവെന്ന് സതീശൻ
ആലുവയിൽ നിന്നും കാണാതായ 12കാരിയെ കണ്ടെത്തി, കണ്ടെത്തിയത് പൂനയിൽ നിന്ന്, കുട്ടിയെ കണ്ടെത്തുന്നത് 4 ദിവസത്തിന് ശേഷം