പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ ഇഡി റെയ്ഡ് തുടരുന്നു; പ്രതിഷേധവുമായി പ്രവർത്തകർ, പൊലീസുമായി വാക്കേറ്റം

By Web TeamFirst Published Dec 3, 2020, 3:42 PM IST
Highlights

 ഓഫീസിനു മുന്നിൽ തടിച്ചു കൂടിയ പ്രവർത്തകരുടെ ദൃശ്യങ്ങൾ പൊലീസ് എടുത്തതാണ് വാക്കേറ്റത്തിന് ഇടയാക്കിയത്. ഓഫീസിനുള്ളിൽ റെയ്ഡ് തുടരുകയാണ്.

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സംഘടന ഓഫീസുകളിലും എൻഫോഴ്സ്മെന്റ് റെയ്ഡിനിടെ പ്രവർത്തകരുടെ പ്രതിഷേധം. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമെല്ലാം പ്രവർത്തകർ പ്രതിഷേധവുമായി രം​ഗത്തെത്തി. 

പോപ്പുലർ ഫ്രണ്ട്  ദേശീയസമിതി അം​ഗങ്ങളും ഭാരവാഹികളുമായുള്ള ഏഴ് നേതാക്കളുടെ വീടുകളിലാണ്  ആദ്യം റെയ്ഡ് നടന്നത്. പിന്നാലെ കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന ഓഫിസിലും ഇഡി സംഘമെത്തി. സിആർപിഎഫിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഓഫീസ് പരിശോധന. ഉച്ചയ്ക്ക് ശേഷം ഓഫീസിന് മുന്നിൽ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഓഫീസിനു മുന്നിൽ തടിച്ചു കൂടിയ പ്രവർത്തകരുടെ ദൃശ്യങ്ങൾ പൊലീസ് എടുത്തതാണ് വാക്കേറ്റത്തിന് ഇടയാക്കിയത്. ഓഫീസിനുള്ളിൽ റെയ്ഡ് തുടരുകയാണ്.

വിവിധയിടങ്ങളിലെ റെയ്ഡിൽ ലാപ് ടോപ്പുകളും പുസ്തകങ്ങളും ലഘുലേഘകളും  പിടിച്ചെടുത്തിട്ടുണ്ട്. . ദില്ലി കലാപത്തിലും ഹാത്രസിലും പോപ്പുലർ ഫ്രണ്ട് ഇടപെട്ടതായി നേരത്തെ പൊലീസും ദേശീയ ഏജൻസികളും ആരോപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ റെയ്ഡ്. ദില്ലി യൂണിറ്റിന്റെ നിർദ്ദശപ്രകാരം കൊച്ചി, കോഴിക്കോട്, തിരുവനന്തപരും യൂണിറ്റുകളാണ് റെയ്ഡ് നടത്തിയത്. 

ദേശീയതലത്തിൽ നടക്കുന്ന സമരങ്ങളിൽ നിന്ന്  ശ്രദ്ധ തിരിക്കാനാണ്  റെയ്ഡെന്ന് ദേശീയഭാരവാഹി നാസറുദ്ദീൻ എളമരം ആരോപിച്ചു. തിരുവനന്തപുരത്തെ കരമന  അഷറഫ് മൌലവിയുടെ റെയ്ഡിനിടെ എസ്ഡിപിഐ പ്രവർത്തകർ പ്രതിഷേധവുമായെത്തി. കൊച്ചി കളമശ്ശേരിയിലെ  ഇഎം അബ്ദുറ്ഹമാന്റെ വീട്ടിലെ പരിശോധനയ്ക്കിടിയെും പ്രതിഷേധമുണ്ടായി.
 

click me!