പോപ്പുലർ ഫ്രണ്ട് ആസ്ഥാനത്ത് ഏഴ് മണിക്കൂർ റെയ്ഡ് നടത്തി ഇഡി, പ്രതിഷേധവുമായി പ്രവർത്തകർ

By Web TeamFirst Published Dec 3, 2020, 8:10 PM IST
Highlights

റെയ്ഡിൽ ലാപ് ടോപ്പുകളും പുസ്തകങ്ങളും ലഘുരേഖകളും പിടിച്ചെടുത്തു. 

കോഴിക്കോട്: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സംസ്ഥാന കമ്മറ്റി ഓഫിസിലും ഇഡി റെയ്ഡ് നടത്തി. റെയ്ഡിൽ ലാപ് ടോപ്പുകളും പുസ്തകങ്ങളും ലഘുരേഖകളും പിടിച്ചെടുത്തു. കോഴിക്കോട്ടെ സംസ്ഥാനകമ്മറ്റി ഓഫീസ് റെയഡ് ഏഴ് മണിക്കൂറിലേറെ നീണ്ടു. സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഇഡി സംഘത്തെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മുദ്രാവാക്യങ്ങൾ മുഴക്കി തടഞ്ഞു.

രാവിലെ 10 മണിയോടെ തുടങ്ങിയ പോപ്പുലർ ഫ്രണ്ട്  സംസ്ഥാനകമ്മറ്റി  ഓഫീസ് റെയ്ഡ് വൈകിട്ട് അഞ്ചേ മുക്കാലോടെയാണ് അവസാനിച്ചത്. റെയ്ഡ് വിവരം അറിഞ്ഞ് നൂറ് കണക്കിന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഹെഡ് ഓഫീസിന് പുറത്ത് തടിച്ച് കൂടിയിരുന്നു. റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധ പ്രതിഷേധമുദ്രാവാക്യങ്ങൾ മുഴക്കി. 

പോപ്പുലർ ഫ്രണ്ട്  ദേശീയസമിതി അംഘങ്ങളും ഭാരവാഹികളുമായി 7 നേതാക്കളുടെ വീടുകളിലും ഇന്ന് കാലത്ത് 8 മണി മുതൽ റെയ്ഡ് നടന്നു.   സായുധപോലിസിന്റെ കാവലിലായിരുന്നു എല്ലാ പരിശോധനകളും. തിരുവനന്തപുരത്തെ കരമന  അഷറഫ് മൌലവിയുടെ റെയ്ഡിനിടെ SDPI പ്രവർത്തകർ പ്രതിഷേധവുമായെത്തി. കൊച്ചി കളമശ്ശേരിയിലെ ഇ.എം.അബ്ദുറ്ഹമാന്റെ വീട്ടിലെ പരിശോധനയ്ക്കിടയിലും പ്രതിഷേധമുണ്ടായി. 

ഇഡിയുടെ ദില്ലി യൂണിറ്റിന്റെ നിർദ്ദശപ്രകാരം കൊച്ചി,കോഴിക്കോട്, തിരുവനന്തപുരം യൂണിറ്റുകളാണ് റെയ്ഡ് നടത്തിയത്. ദേശീയ തലത്തിൽ നടക്കുന്ന സമരങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് റെയ്ഡെന്ന് നേതാക്കൾ ആരോപിച്ചു. ദില്ലി കലാപത്തിലും ഹത്രസിലും പോപ്ലുലർ ഫ്രണ്ട് ഇടപെട്ടതായി നേരത്തെ പോലിസും ദേശീയ ഏജനൻസികളും ആരോപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ റെയ്ഡ്.

click me!