
കൊച്ചി: സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന. തൃശൂർ, എറണാകുളം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലായി സഹകരണ ബാങ്ക് ഓഫീസുകളിലും ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വസതികളിലുമാണ് റെയ്ഡ് നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന എന്നാണ് ഇഡി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
ഇന്ന് രാവിലെ മുതലാണ് കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമടക്കമുള്ള ഉദ്യോഗസ്ഥരെ എത്തിച്ച് പരിശോധന തുടങ്ങിയത്. എറണാകുളത്ത് അങ്കമാലി അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക്, തൃശ്ശൂരിൽ കുട്ടനെല്ലൂർ സർവ്വീസ് സഹകരണ ബാങ്ക്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ തെന്നല സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് എന്നിവ കേന്ദ്രീകരിച്ചാണ് റെയ്‌ഡ് നടക്കുന്നത്. സഹകരണ ബാങ്കുകൾ വഴി കോടികളുടെ സാമ്പത്തിക ക്രമക്കേട് നടക്കുന്നുവെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. ബാങ്ക് ഓഫീസുകൾ, ഭരണസമതി അംഗങ്ങൾ, ജീവനക്കാർ, മുൻ ജീവനക്കാർ അടക്കമുള്ളവരുടെ വീടുകളിലുമാണ് ഒരേ സമയം പരിശോധന പുരോഗമിക്കുന്നത്.
തൃശൂരിൽ അഞ്ചിടങ്ങളിലാണ് ഇ.ഡി സംഘം പരിശോധന നടത്തുന്നത്. കൂടാതെ എറണാകുളം ജില്ലയിലെ അങ്കമാലി അർബൻ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് അഞ്ച് കേന്ദ്രങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്. വ്യാജ വായ്പകൾ വഴി അങ്കമാലി അർബൻ ബാങ്കിൽ 121 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഇ.ഡി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരുടെ വീടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. അങ്കമാലി അർബൻ സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ ആയ ഷിജുവിന്റെ വീട്ടിൽ റെയ്‌ഡ് നടക്കുന്നുണ്ട്. ബാങ്കിലെ അക്കൗണ്ടന്റായിരുന്ന ഷിജു വ്യാജ ലോണുകൾക്ക് നേതൃത്വം കൊടുത്തതിൽ ഒരാളാണെന്നാണ് ഇഡി നൽകുന്ന വിവരം. കുട്ടനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ശാഖകളായ അഞ്ചേരിച്ചിറ, വെസ്റ്റ് അഞ്ചേരി, പടവരാട് എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. മുൻ ബാങ്ക് പ്രസിഡന്റ്, ഭരണസമിതി അംഗങ്ങൾ എന്നിവരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഇതിന് പുറമെ കോഴിക്കോട് ഏഴ് ഇടത്തും റെയ്‌ഡ് നടക്കുന്നുണ്ട്. ഇന്ന് രാവിലെ ആറരയോടെയാണ് റെയ്ഡ് ആരംഭിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam