
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ലൈഫ് മിഷന്‍ കള്ളപ്പണക്കേസില്‍ ഇഡി ചോദ്യം ചെയ്യും. തിങ്കളാഴ്ച്ച കൊച്ചി ഓഫീസില്‍ ചോദ്യംചെയ്യലിനായി ഹാജരാകണം. രവീന്ദ്രന് ഇഡി സമൻസ് അയച്ചു. 2020 ല്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തിരുന്നു. അന്ന് സി എം രവീന്ദ്രനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചെന്നും പ്രതിപക്ഷമടക്കം ആരോപണം ഉന്നയിച്ചിരുന്നു. ഇഡിയുടെ ചോദ്യം ചെയ്യലിന് രവീന്ദ്രന്‍ ഹാജരാക്കിയ സ്വത്തിന്‍റെ കണക്കുകളില്‍ ഇഡി സംശയം പ്രകടിപ്പിച്ചിരുന്നു.
കൊവിഡും രോഗാവസ്ഥയും അടക്കമുള്ള ന്യായങ്ങള്‍ നിരത്തി തുടക്കത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാവാതിരുന്ന സി എം രവീന്ദ്രന്‍ പിന്നീട് ഇഡിക്ക് മുന്നില്‍ ഹാജരാവുകയായിരുന്നു. തുടര്‍ച്ചയായി 13 മണിക്കൂറോളമാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയത്തിന്‍റെ മുള്‍മുനയിലാക്കിയിരുന്നു. ഇഡി ചോദ്യം ചെയ്യലിന് പിന്നാലെ രവീന്ദ്രനെ നിര്‍ണായക പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രതിപക്ഷം അടക്കം ശക്തമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയും പാര്‍ട്ടിയും രവീന്ദ്രനെ ഒരുപോലെ പ്രതിരോധിക്കുകയായിരുന്നു.
അതേസമയം ലൈഫ് മിഷൻ അഴിമതിക്കേസിൽ നാല് ദിവസത്തേക്ക് കൂടി എം ശിവശങ്കറെ എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിൽ വിട്ടു. കേസിൽ ശിവശങ്കറിന്‍റെ പങ്കാളിത്തത്തിന് ഏറെ വ്യാപ്തിയുണ്ടെന്നും ഇത് പുറത്തുകൊണ്ടുവരുന്നതിന് തുടർ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും ഇഡി അറിയിച്ചു. ഇത് അംഗീകരിച്ചാണ് ഇഡി കേസ് പരിഗണിക്കുന്ന കൊച്ചിയിലെ സിബിഐ കോടതി ഈ മാസം 24 വരെ കസ്റ്റഡി കാലാവധി നീട്ടിയത്. അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam