എല്‍ഡിഎഫ് കണ്‍വീനറായ പി വി കുഞ്ഞിക്കണ്ണന്‍റെ സഹായിയായാണ് 1980 കളില്‍ രവീന്ദ്രന്‍ തലസ്ഥാനത്ത് എത്തുന്നത്. പിന്നീടിങ്ങോട്ട് നാല്‍പത് വര്‍ഷത്തോളമായി വിവിധ സിപിഎം നേതാക്കളുടെ പഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു സി എം രവീന്ദ്രന്‍.
തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴ കേസുമായി ബന്ധപ്പെട്ട് കൂടുതൽ ചാറ്റുകൾ പുറത്ത് വന്നതോടെ സി എം രവീന്ദ്രന്‍റെ പേര് വീണ്ടും ചര്‍ച്ചയാവുന്നു. ആരാണ് സി എം രവീന്ദ്രന്‍?, നിലവില്‍ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സി എം രവീന്ദ്രനെ സിപിഎമ്മുമായുള്ള ബന്ധമെന്താണ്? കോഴിക്കോട് ജില്ലയിലെ പാര്‍ട്ടി കോട്ടയായ ഒഞ്ചിയം സ്വദേശിയായ സി എം രവീന്ദ്രന്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നീട് രവീന്ദ്രന്‍ പാര്‍ട്ടിയുടെ വിശ്വസ്തനാവുകയും പ്രവര്‍ത്തന മണ്ഡലം തിരുവനന്തപുരത്തേക്ക് മാറുകയുമായിരുന്നു. എല്‍ഡിഎഫ് കണ്‍വീനറായ പി വി കുഞ്ഞിക്കണ്ണന്‍റെ സഹായിയായാണ് 1980 കളില്‍ രവീന്ദ്രന്‍ തലസ്ഥാനത്ത് എത്തുന്നത്. പിന്നീടിങ്ങോട്ട് നാല്‍പത് വര്‍ഷത്തോളമായി വിവിധ സിപിഎം നേതാക്കളുടെ പഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു സി എം രവീന്ദ്രന്‍.
ഇത്തരം നിയമനങ്ങളില്‍ ഏറ്റവുമൊടുവിലായാണ് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള സി എം രവീന്ദ്രന്‍ സകല മാനദണ്ഡങ്ങളും മറികടന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്. വടകര ഓർക്കാട്ടേരിയിലെ ഒരു ബന്ധുവിനെ ബിനാമിയാക്കിയാണ് രവീന്ദ്രന്‍റെ ബിസിനസുകളെന്നാണ് പ്രതിപക്ഷ ആരോപണം. സിപിഎം നേതാക്കളുടെ പഴ്സണല്‍ സ്റ്റാഫില്‍ ഏറ്റവുമധികം കാലം ജോലി ചെയ്തിട്ടുള്ള ആളാവും രവീന്ദ്രനെന്നാണ് രാഷ്ട്രീയ എതിരാളികള്‍ പരിഹസിക്കുന്നത്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു രവീന്ദ്രന്‍.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി പന്ത്രണ്ടോളം സ്ഥാപനങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് ഇഡി കണ്ടെത്തിയ സി എം രവീന്ദ്രന്‍ ഭരണത്തിലുണ്ടെങ്കിലും അല്ലെങ്കിലും സിപിഎം നേതാക്കള്‍ക്കൊപ്പമുണ്ട്. വി എസ് അച്യുതാനന്ദനൊപ്പവും കോടിയേരി ബാലകൃഷ്ണനൊപ്പവും പിണറായി വിജയനൊപ്പവും വിശ്വസ്തനായി രവീന്ദ്രന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയായ സിഎം രവീന്ദ്രനായിരുന്നു ലാവ്ലിന്‍ കേസ് അടക്കമുള്ളവയുടെ നടത്തിപ്പും ഏകോപനവും.
മുഖ്യമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫില്‍ കെഎസ്ആര്‍ പാര്‍ട്ട് 3 ചട്ടം 100 അനുസരിച്ച് പുനര്‍ നിയമനം ലഭിച്ച ജീവനക്കാരിലൊരാള്‍ കൂടിയാണ് സി എം രവീന്ദ്രന്‍. പ്രതിപക്ഷ നേതാവിന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പദവിയില്‍ നിന്നാണ് സി എം രവീന്ദ്രന് പുനര്‍ നിയമനം ലഭിച്ചത്. സിഎം രവീന്ദ്രന്‍ പാര്‍ട്ടിയുടേയും നേതാക്കളുടേയും ബിനാമിയാണെന്ന് ആരോപണം നിരവധി തവണ ഉയര്‍ന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി പന്ത്രണ്ടോളം സ്ഥാപനങ്ങളില്‍ ഓഹരിയുണ്ടെന്ന് ഇഡി കണ്ടെത്തിയത്.
2020ല്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തിരുന്നു. അന്ന് സി എം രവീന്ദ്രനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചെന്നും പ്രതിപക്ഷമടക്കം ആരോപണം ഉന്നയിച്ചിരുന്നു. ഇഡിയുടെ ചോദ്യം ചെയ്യലിന് രവീന്ദ്രന്‍ ഹാജരാക്കിയ സ്വത്തിന്‍റെ കണക്കുകളില്‍ ഇഡി സംശയം പ്രകടിപ്പിച്ചിരുന്നു. കൊവിഡും രോഗാവസ്ഥയും അടക്കമുള്ള ന്യായങ്ങള്‍ നിരത്തി തുടക്കത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാവാതിരുന്ന സി എം രവീന്ദ്രന്‍ പിന്നീട് ഇഡിക്ക് മുന്നില്‍ ഹാജരാവുകയായിരുന്നു. തുടര്‍ച്ചയായി 13 മണിക്കൂറോളമാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയത്തിന്‍റെ മുള്‍മുനയിലാക്കിയിരുന്നു. ഇഡി ചോദ്യം ചെയ്യലിന് പിന്നാലെ രവീന്ദ്രനെ നിര്‍ണായക പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രതിപക്ഷം അടക്കം ശക്തമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയും പാര്‍ട്ടിയും രവീന്ദ്രനെ ഒരുപോലെ പ്രതിരോധിക്കുകയായിരുന്നു.
