Latest Videos

വിദ്യാഭ്യാസ മന്ത്രിയും വകുപ്പും അറിഞ്ഞില്ല:സ്കൂൾ തുറക്കൽ ചർച്ച മുഖ്യമന്ത്രി നടത്തിയത് ആരോഗ്യവകുപ്പിനോട് മാത്രം

By Web TeamFirst Published Sep 18, 2021, 8:54 PM IST
Highlights

രാവിലെ പ്ലസ് വൺ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട യോ​ഗം ചേർന്നപ്പോഴും വിഷയം ചർച്ചക്ക് വന്നില്ല. 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള തീരുമാനമെടുത്തതും തീയതി അടക്കം നിശ്ചയിച്ചതും വിദ്യാഭ്യാസ വകുപ്പ് അറിയാതെ. നവംബർ 1 മുതൽ സ്കൂൾ തുറന്ന് പ്രവർത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പ് പുറത്ത് വന്ന ശേഷമാണ് വിദ്യാഭ്യാസ വകുപ്പും തീരുമാനം അറിഞ്ഞത്. കൊവിഡ് ഉന്നതതല യോഗത്തിൽ വിദ്യാഭ്യാസ മന്ത്രിക്കോ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കോ ക്ഷണമുണ്ടായില്ല. വിഷയത്തിൽ ആരോഗ്യ വകുപ്പുമായി മാത്രമാണ്  മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയത്. 

രാവിലെ പ്ലസ് വൺ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട യോ​ഗം ചേർന്നപ്പോഴും സ്കൂൾ തുറക്കൽ എന്ന വിഷയം ചർച്ചക്ക് വന്നിരുന്നില്ല. സ്കൂൾ തുറക്കൽ തീരുമാനം വന്ന ശേഷവും തീരുമാനമായിട്ടില്ലെന്നായിരുന്നു വകുപ്പ് മന്ത്രിയുടെ പ്രതികരണം. വിദ്യാഭ്യാസ വകുപ്പ് അറിയാതെയുള്ള നീക്കം ചർച്ചയായിരിക്കുകയാണ്. 

കേരളപ്പിറവി ദിനത്തിൽ സ്‌കൂളുകള്‍ തുറക്കും; നവംബ‍ർ 15 മുതൽ എല്ലാ ക്ലാസുകളും തുടങ്ങും

നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് തീരുമാനമായത്. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. 


 

click me!