Asianet News MalayalamAsianet News Malayalam

കേരളപ്പിറവി ദിനത്തിൽ സ്‌കൂളുകള്‍ തുറക്കും; നവംബ‍ർ 15 മുതൽ എല്ലാ ക്ലാസുകളും തുടങ്ങും

നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. 

Schools will be open from November one  All classes will start from 15th
Author
Kerala, First Published Sep 18, 2021, 6:29 PM IST

തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കണമെന്നാണ്  ആരോഗ്യ വിദഗ്ധരുടെ  അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണം. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതം. വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും യോഗത്തിന് ശേഷം വാർത്താക്കുറിപ്പിൽ പറയുന്നു. 

സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്‌കുകള്‍ തയ്യാറാക്കണം. സ്‌കൂളുകളിലും മാസ്‌കുകള്‍ കരുതണം. ഒക്‌ടോബര്‍ 18 മുതല്‍ കോളേജ് തലത്തില്‍ വാക്‌സിനേഷന്‍ സ്വീകരിച്ച വിദ്യാര്‍ത്ഥികളുടെ എല്ലാ ക്ലാസുകളും ആരംഭിക്കുകയാണ്.

പ്രതിവാര ഇന്‍ഫക്ഷന്‍ റേഷ്യോ 10 ല്‍ കൂടുതലുള്ള വാര്‍ഡുകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. നിലവിൽ ഇത് എട്ട് ശതമാനമായിരുന്നു.  സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷന്‍ നിരക്ക് 90 ശതമാനത്തില്‍ എത്തുന്നതിനാല്‍ സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കും. സര്‍ക്കാര്‍ / സ്വകാര്യ ആശുപത്രികളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമാവും ആന്റിജന്‍ പരിശോധന നടത്തുക.  

Follow Us:
Download App:
  • android
  • ios