ചെമ്പൂച്ചിറ സ്കൂൾ നിർമാണത്തിലെ ക്രമക്കേട്; വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

By Web TeamFirst Published Nov 28, 2020, 1:51 PM IST
Highlights

വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ മണ്ഡലമായ പുതുക്കാട് ചെമ്പൂച്ചിറ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിയുന്ന കെട്ടിടത്തിൻ്റെ നിർമാണത്തിലാണ് വ്യാപകമായ അപാകത കണ്ടെത്തിയത്. 

തിരുവനന്തപുരം: ചെമ്പൂച്ചിറ ഗവ. ഹയർ സെക്കന്ററി സ്കൂൾ നിർമാണത്തിലെ ക്രമക്കേട് സംബന്ധിച്ച് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. സ്കൂളിലെ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ ഐഎഎസിനോട് നിർദ്ദേശിച്ചു. 

വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ മണ്ഡലമായ പുതുക്കാട് ചെമ്പൂച്ചിറ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിയുന്ന കെട്ടിടത്തിൻ്റെ നിർമാണത്തിലാണ് വ്യാപകമായ അപാകത കണ്ടെത്തിയത്. കെട്ടിടത്തിൻ്റെ പല ഭാഗത്തും ചുമരിലെയും മേല്‍ക്കൂരയിലെയും സിമൻ്റ് അടര്‍ന്നുവീഴുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല പ്രവേശനോത്സവം ഉദ്ഘാടനം നിര്‍വഹിച്ച വിദ്യാലയമാണ് ചെമ്പൂച്ചിറ ഹയര്‍ സെക്കണ്ടറി സ്കൂൾ. കിഫ്ബിയുടെ 3 കോടി രൂപയും എംഎൽഎ ഫണ്ടിൽ നിന്നും 87 ലക്ഷം രൂപയും ചെലവഴിച്ച് നിർമ്മിച്ച, ഉദ്ഘാടനത്തിന് തയ്യാറായ സ്‌കൂൾ കെട്ടിടമാണിത്. ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കരാറുകാരനോട് നിര്‍മ്മാണം നിര്‍ത്തിവെക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് സ്കൂള്‍ അധികൃതര്‍. 

പുതിയ കെട്ടിടം കാണാനെത്തിയ നാട്ടുകാരുടെ ശ്രദ്ധയിലാണ് നിര്‍മ്മാണത്തിൻ്റെ അപാകത ആദ്യം പെട്ടത്. ഒന്നു തൊട്ടാല്‍ കയ്യില്‍ അടര്‍ന്നു വരുന്ന ചുമരുകളും ബീമുകളും. മേല്‍ക്കൂരയുടെ അവസ്ഥയും പരിതാപകരമാണ്. ഇടയ്ക്ക് പെയ്ത മഴയില്‍ പുത്തൻ കെട്ടിടത്തിലെ ക്ലാസ് മുറികള്‍ ചോര്‍ന്നൊലിക്കുന്നുമുണ്ട്. സിമൻ്റിന്റെ ഉപയോഗം പേരിന് മാത്രം. ഉദ്ഘാടനത്തിന് തയ്യാറായ കെട്ടിടം ഇപ്പോള്‍ പലയിടത്തും കുത്തിപൊളിച്ച് വീണ്ടും പണിയേണ്ട അവസ്ഥയാണ്.

click me!