
സോഷ്യല്‍ മീഡിയയിലൂടെ പ്രസക്തമായ പല വിഷയങ്ങളിലും ചര്‍ച്ചകളും അഭിപ്രായപ്രകടനങ്ങളുമെല്ലാം ഉയര്‍ന്നുവരാറുള്ളതാണല്ലോ. ഇങ്ങനെ വരുന്ന ചില ചര്‍ച്ചകളിലെങ്കിലും അത് കാണേണ്ടവര്‍ കാണുകയും സമയോചിതമായി ഇടപെടുകയും ചെയ്യാറുണ്ട്. ഇതും ഏറെ പ്രതീക്ഷയും സന്തോഷവും നല്‍കുന്ന കാഴ്ചയാണ്.
ഇത്തരത്തില്‍ കഴിഞ്ഞ ദിവസം കെഎസ്ഇബിയില്‍ ജോലി ചെയ്യുന്ന വിപിൻ വില്‍ഫ്രഡ് ഫേസ്ബുക്കില്‍ തുടങ്ങിവച്ചൊരു ചര്‍ച്ചയില്‍ അവസരോചിതമായ ഇടപെടല്‍ നടത്തിയിരിക്കുകയാണ് മന്ത്രി വി. ശിവൻ കുട്ടി. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴായി ശ്രദ്ധേയമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നൊരു വ്യക്തി കൂടിയാണ് വിപിൻ.
തിരുവനന്തപുരത്തെ ഉന്നതനിലവാരമുള്ളൊരു സര്‍ക്കാര്‍ സ്കൂളില്‍ ക്ലാസ്‍മുറി വൃത്തിയാക്കാൻ പെൺകുട്ടികളെ മാത്രം ചുമതലയേല്‍പിച്ചിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന പോസ്റ്റും ചിത്രവുമാണ് വിപിൻ വില്‍ഫ്രഡ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ലിംഗനീതിയെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ വരുന്ന ഇതുമായി ബന്ധപ്പെട്ട് പല മുന്നേറ്റങ്ങളും നടക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഇങ്ങനെയൊരു വിവേചനം സ്കൂളുകളില്‍ നടക്കുന്നുണ്ടോ, ഉണ്ടെങ്കില്‍ അത് ഉത്തരവാദപ്പെട്ടവര്‍ അന്വേഷിക്കണമെന്ന ആവശ്യമാണ് വിപിൻ തന്‍റെ പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നത്.
ഇപ്പോഴിതാ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി തന്നെ നേരിട്ട് പോസ്റ്റിന് കമന്‍റിട്ടിരിക്കുകയാണ്. 'അന്വേഷിക്കും...' എന്നാണ് മന്ത്രി കമന്‍റിട്ടിരിക്കുന്നത്.
ക്ലാസ് ക്ലീനിംഗ് ഡ്യൂട്ടി എന്ന പേരിലൊരു വീക്കിലി ഷെഡ്യൂള്‍ തയ്യാറാക്കി പെണ്‍കുട്ടികളെ മാത്രം ഗ്രൂപ്പുകളാക്കി തിരിച്ച് അവരുടെ പേരെഴുതി ക്ലാസ്‍മുറിയിലൊട്ടിച്ചിരിക്കുന്നതിന്‍റെ ഫോട്ടോ ആണ് വിപിൻ പങ്കുവച്ചിരിക്കുന്നത്. ഇതില്‍ ആഴ്ചയിലെ ഓരോ ദിവസവും അഞ്ചും നാലും വീതം പെണ്‍കുട്ടികളാണ് ക്ലാസ്മുറി വൃത്തിയാക്കേണ്ടത്. ആകെ 24 പെൺകുട്ടികളുടെ പേരാണ് ഷെഡ്യൂളിലുള്ളത്.
നിരവധി പേരാണ് വിപിന്‍റെ പോസ്റ്റിനോട് പ്രതികരണം അറിയിച്ചിരിക്കുന്നത്. എല്ലാവരും തന്നെ ഇങ്ങനെയാരു വിവേചനം നടക്കുന്നുണ്ടെങ്കില്‍ അത് ഒരു സ്കൂളിലും പാടില്ലെന്ന നിലപാട് തന്നെയാണ് അറിയിക്കുന്നത്. ചിലരാകട്ടെ സ്കൂളുകളില്‍ ഇങ്ങനെയുള്ള വിവേചനങ്ങള്‍ സ്ഥിരമാണെന്നതും ചൂണ്ടിക്കാണിക്കുന്നു.
വിപിന്‍റെ ഫേസ്ബുക്ക് പോസ്റ്റും മന്ത്രിയുടെ കമന്‍റും കാണാം...
Also Read:- അരമങ്ങാനത്തെ യുവതിയുടേയും മകളുടേയും മരണം; സുഹൃത്തായ അധ്യാപകൻ അറസ്റ്റിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam