
തിരുവനന്തപുരം: ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള മുഖ്യമന്ത്രിയുടെ ആശംസാ കാർഡുകൾ വീടുകളിലെത്തിച്ച് കൊടുക്കണമെന്ന ഉത്തരവ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. മുഖ്യമന്ത്രിയുടെ ആശംസാ കാർഡ് അധ്യാപകർ തന്നെ നേരിട്ടെത്തിക്കണമെന്നില്ലെന്നും വാട്ട്സ് ആപ്പ് മുഖാന്തരമോ മറ്റ് മാർഗങ്ങളിലൂടെയോ എത്തിച്ചാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റിദ്ധാരണയാകാം വിവാദത്തിന് കാരണമായത്. കോട്ടൺഹിൽ സ്കൂളിൽ ജൂൺ 1 ന് നടക്കുന്ന പ്രവേശനോത്സവത്തിനു 25 പേർക്ക് മാത്രം മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒന്നാം ക്ലാസുകാരെ സ്വാഗതം ചെയ്തു കൊണ്ടുള്ളതാണ് മുഖ്യമന്ത്രിയുടെ സന്ദേശം. ഏറെ കരുതൽ വേണ്ട സന്ദർഭമാണിതെന്നും ദുരന്ത ഭീഷണി ഒഴിയുന്ന മുറക്ക് വിദ്യാലയത്തിലേക്ക വരാമെന്നും മുഖ്യമന്ത്രി കുട്ടികളോട് പറയുന്നു. ഈ സന്ദേശം അടങ്ങിയ കാർഡ് തിങ്കളാഴ്ചക്കുള്ളിൽ ഒന്നാം ക്ലാസുകാരുടെ വീടുകളിലെത്തി നേരിട്ട് കൈമാറണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്നിറക്കിയ ഉത്തരവ്. കെബിപിഎസ് അച്ചടിച്ച ആശംസാ കാാർഡ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്നും പ്രധാന അധ്യാപകർ വാങ്ങി അധ്യാപകർ മുഖേനെ കൈമാറണമെന്നാണ് നിർദ്ദേശം. കൊവിഡ് ഡ്യൂട്ടിക്കും സ്കൂൾ പ്രവേശനത്തിനുമുള്ളു നടപടികൾ തുടങ്ങുന്നതിനുമിടയിൽ വന്ന പുതിയ നിർദ്ദേശത്തിനെതിരെ പ്രതിപക്ഷം അടക്കം രംഗത്തെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam