
പാലക്കാട്: എലപ്പുള്ളി ബ്രൂവറിക്കെതിരായ സമരത്തിൽ ബിജെപിയിൽ ഭിന്നത. സമരത്തെ കുറിച്ച് പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ലെന്നും വ്യവസായങ്ങൾക്കെതിരെയുള്ള സമരം അനാവശ്യമാണെന്നും ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ. ഇക്കാര്യം പാർട്ടിയിൽ അറിയിക്കുമെന്നും എൻ ശിവരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബിജെപിയും യുഡിഎഫും ബ്രൂവറിക്കെതിരായി രംഗത്ത് എത്തുമ്പോഴാണ് ശിവരാജൻ്റെ പിന്തുണച്ചുകൊണ്ടുള്ള പ്രതികരണം വരുന്നത്.
ബിജെപിയോ പാർട്ടി അധ്യക്ഷനോ വ്യവസായങ്ങൾ വരുന്നതിനെതിരല്ല. എന്ത് വ്യവസായം എന്ന് നോക്കേണ്ടതില്ല. മദ്യ കമ്പനിക്കെതിരെ സമരം ചെയ്യുന്നവരെല്ലാം മദ്യപിക്കാത്തവരാണോയെന്നും ശിവരാജൻ ചോദിച്ചു. പദ്ധതിക്കെതിരെ ഇന്നലെ യൂത്ത് കോൺഗ്രസ് നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. പ്രാദേശിക സിപിഎമ്മിനും പദ്ധതിയോട് എതിർപ്പുണ്ട്. അതിനിടെ, മദ്യ നിർമ്മാണ കമ്പനിക്ക് വെള്ളം നൽകുന്നതിനെതിരെ വാട്ടർ അതോറിറ്റിയും രംഗത്തെത്തി. വ്യാവസായിക ആവശ്യത്തിന് വെള്ളം നൽകാനാകില്ലെന്ന് വാട്ടർ അതോറിറ്റി സർക്കാരിനെ വിശദമായി അറിയിച്ചതായി പാലക്കാട് വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ ഇഎൻ സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. വാട്ടർ അതോരിറ്റി വെള്ളം കൊടുക്കാനാകില്ലെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. വെള്ളം കൊടുക്കണോ എന്ന് ഇനി തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. കുടിവെള്ളത്തിൽ നിന്നുള്ള വിഹിതം കൊടുക്കാൻ കഴിയില്ല. പാലക്കാട് ജില്ലയിൽ കുടിവെള്ളം തന്നെ കൊടുക്കാനില്ലാത്ത സ്ഥിതിയാണുള്ളത്. പിന്നെങ്ങനെ വ്യാവസായിക ആവശ്യത്തിന് കൊടുക്കും?
ഒയാസിസ് കമ്പനി വാട്ടർ അതോരിറ്റിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് പാലക്കാട് വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ ആരോപിച്ചു. കഴിഞ്ഞ ജൂണിലാണ് 500 കിലോ ലിറ്റർ വെള്ളം ആവശ്യപ്പെട്ട് കത്ത് നൽകിയത്. വാട്ടർ അതിരിറ്റിക്ക് കൊടുക്കാനില്ല. ഭാവിയിൽ കിംഫ്രയുടെ ഒരു പദ്ധതി അവിടെ വരുന്നുണ്ട്. അവർ സമ്മതിക്കുകയാണെങ്കിൽ എടുക്കാമെന്ന് കത്ത് നൽകിയിരുന്നു. ഭാരത് പെട്രോളിയത്തിന്റെ ഒരു ടെൻണ്ടറിൽ പങ്കെടുക്കാൻ വേണ്ടിയാണ് എന്നായിരുന്നു കമ്പനി വാട്ടർ അതോരിറ്റിക്ക് നൽകിയ കത്തിൽ പറഞ്ഞിരുന്നത്. എഥനോൾ കമ്പനിക്ക് വേണ്ടിയെന്നും അപേക്ഷയിൽ പറഞ്ഞിരുന്നു. ബ്രൂവറിയ്ക്ക് വേണ്ടിയെന്ന് അറിഞ്ഞത് ഇപ്പോൾ മാത്രമാണെന്നും വാട്ടർ അതോരിറ്റി അധികൃതർ പറയുന്നു.
https://www.youtube.com/watch?v=Ko18SgceYX8