'എ കെ ശശീന്ദ്രന് വോട്ട് ചെയ്യുക', 46 വര്‍ഷം മുമ്പത്തെ ചുവരെഴുത്ത്; വൈറലായി 'മേള' സിനിമയിലെ രംഗം

Published : Mar 21, 2026, 11:34 AM IST
A K Saseendran

Synopsis

80-ാം വയസില്‍ വീണ്ടും നിയമസഭയിലേക്ക് മത്സരിക്കുന്നതില്‍ എ കെ ശശീന്ദ്രനെതിരെ മുറുമുറുപ്പ് ശക്തമായതിനിടയിലാണ്, 1980-ല്‍ പുറത്തിറങ്ങിയ 'മേള' സിനിമയിലെ ചുവരെഴുത്ത് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്

ഏലത്തൂര്‍: എണ്‍പതാം വയസില്‍ വീണ്ടും നിയമസഭയിലേക്ക് മത്സരിക്കുകയാണ് എന്‍സിപി നേതാവ് എ കെ ശശീന്ദ്രന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് മത്സരം. 1980-ല്‍ പെരിങ്ങളം നിയമസഭ മണ്ഡലത്തില്‍ നിന്ന് തന്‍റെ കന്നിയങ്കത്തില്‍ വിജയിച്ചായിരുന്നു എ കെ ശശീന്ദ്രന്‍റെ ആദ്യമായി സഭയിലെത്തിയത്. അക്കാലത്ത് പുറത്തിറങ്ങിയ 'മേള' എന്ന സിനിമയിലെ ഒരു ചുവരെഴുത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. 'എ കെ ശശീന്ദ്രന് ചര്‍ക്ക അടയാളത്തില്‍ സീല്‍ ചെയ്യുവിന്‍' എന്ന ചുവരെഴുത്താണ് ഈ സിനിമയിലുള്ളത്.

1980 മുതല്‍ എ കെ ശശീന്ദ്രന്‍ നിയമസഭയില്‍

അനശ്വരനായ കെ ജി ജോര്‍ജിന്‍റെ സംവിധാനത്തില്‍ 1980-ല്‍ പുറത്തിറങ്ങിയ മലയാള സിനിമയാണ് മേള. മമ്മൂട്ടി, രഘു, അഞ്ജലി നായിഡു, ശ്രീനിവാസന്‍ എന്നിവരായിരുന്നു മേളയിലെ പ്രധാന കഥാപാത്രങ്ങള്‍. ഒരു സര്‍ക്കസ് കൂടാരത്തിന്‍റെ പശ്ചാത്തലത്തിലുള്ള സിനിമയാണ് മേള. 2008-ലെ മണ്ഡല പുനര്‍നിര്‍ണയത്തോടെ ഇല്ലാതായ പെരിങ്ങളം മണ്ഡലത്തിലെ വള്ള്യായി ഭാഗങ്ങളില്‍ ഈ സിനിമയുടെ ഷൂട്ടിംഗ് അക്കാലത്ത് നടന്നിരുന്നു. 1980-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങളം മണ്ഡലത്തില്‍ ചര്‍ക്ക ചിഹ്നത്തിലായിരുന്നു എ കെ ശശീന്ദ്രന്‍ ആദ്യമായി മത്സരിച്ചത്. അന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (യു) സ്ഥാനാര്‍ഥിയായിരുന്നു അദേഹം. 'എ കെ ശശീന്ദ്രന് ചര്‍ച്ച അടയാളത്തില്‍ സീല്‍ ചെയ്യുവിന്‍, നമ്മുടെ ചിഹ്നം ചര്‍ക്ക, എ കെ ശശീന്ദ്രനെ വിജയിപ്പിക്കുക' എന്നിങ്ങനെയുള്ള അക്കാലത്തെ ചുവരെഴുത്തുകള്‍ മേള സിനിമയില്‍ പല ഷോട്ടുകളിലും കാണിക്കുന്നുണ്ട്. ഇതിന്‍റെ റീലുകളും സ്‌ക്രീന്‍ഷോട്ടുകളും ഇപ്പോള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വൈറലായിരിക്കുന്നു.

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ഏലത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് എന്‍സിപി ദേശീയ പ്രവര്‍ത്തക സമിതി അംഗവും വനം വകുപ്പ് മന്ത്രിയുമായ എ കെ ശശീന്ദ്രന്‍ ജനവിധി തേടുന്നത്. എലത്തൂര്‍ മണ്ഡലം രൂപീകരിച്ച ശേഷം 2011-ലും 2016-ലും എ കെ ശശീന്ദ്രന്‍ തന്നെയായിരുന്നു അവിടെ എംഎല്‍എ. ഒന്നാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു എ കെ ശശീന്ദ്രന്‍ ഒരു വിവാദത്തെ തുടര്‍ന്ന് രാജിവെക്കുകയും പിന്നീട് മന്ത്രിസഭയില്‍ തിരിച്ചെത്തുകയും ചെയ്‌തു. അതിന് മുമ്പ് 2006-ല്‍ ബാലുശേരിയില്‍ നിന്നും, 1982-ല്‍ എടക്കാട് നിന്നും ശശീന്ദ്രന്‍ വിജയിച്ച് നിയമസഭയിലെത്തിയിട്ടുണ്ട്. എ കെ ശശീന്ദ്രന് നിയമസഭയിലേക്കുള്ള കന്നി വരവായിരുന്നു 1980-ല്‍ പെരിങ്ങളം മണ്ഡലം സമ്മാനിച്ചത്.

വീണ്ടും മത്സരിക്കുന്നതില്‍ എതിര്‍പ്പ്

തുടര്‍ച്ചയായ മൂന്നാംവട്ടവും ഇടതുമുന്നണി സ്ഥാനാര്‍ഥിയായി എ കെ ശശീന്ദ്രന്‍ ഏലത്തൂരില്‍ ജനവിധി തേടുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് വിദ്യ ബാലകൃഷ്‌ണനാണ് ഇത്തവണ പ്രധാന എതിരാളി. ടി ദേവദാസാണ് ബിജെപിയുടെ സ്ഥാനാര്‍ഥി. 2021-ലെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 38,502 വോട്ടുകളുടെ ഭൂരിപക്ഷം ഏലത്തൂരില്‍ എ കെ ശശീന്ദ്രനുണ്ടായിരുന്നു. 2016-ല്‍ 29,057 വോട്ടുകള്‍, 2011-ല്‍ 14,654 വോട്ടുകള്‍ എന്നിങ്ങനെയായിരുന്നു അദേഹത്തിന്‍റെ ഭൂരിപക്ഷം. 80-ാം വയസിലും എ കെ ശശീന്ദ്രന്‍ മത്സരിക്കുന്നതില്‍ വലിയ എതിര്‍പ്പുണ്ട് ഇത്തവണ. അപ്പോഴാണ് 46 വര്‍ഷം മുമ്പത്തെ, അതായത് 1980-ലെ എ കെ ശശീന്ദ്രനായുള്ള ചുവരെഴുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 'മേള' സിനിമ പുറത്തിറങ്ങി 46 വര്‍ഷമായിട്ടും മാറ്റമില്ലാത്തത് എ കെ ശശീന്ദ്രന് മാത്രമാണെന്ന് പരിഹസിക്കുന്നു ചിലര്‍.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മനസ് മടുത്തു പോകുന്ന ആളല്ല, സംഭവിച്ചതെല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കുന്നു'; യുഡിഎഫ് അധികാരത്തിലെത്തുമെന്നും കെ സുധാകരൻ
പാലക്കാട് സിപിഎം ബിജെപി ഡീലെന്നത് ജനങ്ങളെ വിഡ്ഢിയാക്കുന്ന ആരോപണം, ബിജെപി ജയിക്കുമെന്ന പേടിയാണ് കോൺഗ്രസിനെന്ന് രാജീവ് ചന്ദ്രശേഖര്‍