
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി അന്വേഷണസംഘം. സാക്ഷികളെ ഉൾപ്പെടെ കോഴിക്കോട് പൊലീസ് ക്യാമ്പിലെത്തിച്ചാണ് തിരിച്ചറിയൽ പരേഡ് നടത്തുന്നത്. എഡിജിപി എം ആര്‍ അജിത് കുമാറും ഐ ജി നീരജ് കുമാര്‍ ഗുപ്തയും പൊലീസ് ക്യാമ്പിലെത്തിയിട്ടുണ്ട്. കേസില്‍ സാക്ഷികളിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു.
അതേസമയം, ഷാറൂഖ് സെയ്ഫിക്ക് ട്രെയിനിനകത്ത് സഹായം കിട്ടിയെന്ന സംശയം ബലപ്പെടുകയാണ്. ആക്രമണ സമയത്ത് ഇയാൾ ധരിച്ചിരുന്നത് ചുവന്ന ഷർട്ടായിരുന്നു എന്നാണ് ദൃക്സാക്ഷികൾ നൽകിയ മൊഴി. എന്നാൽ കണ്ണൂരിൽ വന്നിറങ്ങുമ്പോൾ ഇയാളുടെ വസ്ത്രം വേറെയായിരുന്നു എന്നതാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ട്രെയിനിനകത്ത് വെച്ച് ഇയാൾ സ്വമേധയാ വസ്ത്രം മാറിയോ അതോ ആരെങ്കിലും കൊടുത്തതാണോ എന്ന് അറിയാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
അതിനിടെ, ഷാറൂഖ് സെയ്ഫിന്‍റെ വേരുകൾ തേടി ദില്ലിക്ക് പുറത്തും കേരളാ പൊലീസ് പരിശോധന നടത്തുകയാണ്. ഹരിയാനയിലും നോയിഡയിലും കേരള പൊലീസ് സംഘം പരിശോധന നടത്തി. ഷാറൂഖിന്‍റെ ഓൺലൈൻ ബന്ധങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
ഷാറൂഖ് വീട് വിട്ട് ഇറങ്ങി പോകുകയായിരുന്നുവെന്നും നിഗമനം. തിരികെ ദില്ലിക്ക് എത്താൻ ഉദ്ദേശമില്ലായിരുന്നുവെന്നും കണ്ടെത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam