
കോഴിക്കോട്: എലത്തൂർ ട്രെയിൻ ആക്രമണ കേസിന്റെ അന്വേഷണ ചുമതലയിലുണ്ടായിരുന്ന എടിഎസ് സ്ക്വാഡിന്റെ തലവൻ ഐജി പി വിജയനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. എലത്തൂർ ട്രെയിൻ ആക്രമണ കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയെ മുംബൈയിൽ നിന്ന് കൊണ്ടുവന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവെന്ന കാരണത്തിലാണ് സസ്പെൻഷൻ. അന്വേഷണവുമായി ബന്ധമില്ലാത്ത ഐജി പി വിജയൻ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതിനെതിരെ എഡിജിപി എംആർ അജിത് കുമാറാണ് റിപ്പോർട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ ഉത്തരവ് നൽകിയത്.
റിപ്പോർട്ടിന് മേലുള്ള തുടരന്വേഷണം പൊലീസ് ആസ്ഥാനത്തെ എഡിജിപി പത്മകുമാർ നടത്തും. സംസ്ഥാനത്തെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് ഐജി പി വിജയൻ. എലത്തൂർ ട്രെയിൻ ആക്രമണം നടന്ന ഉടൻ ഐജി പി വിജയൻ സ്ഥലത്തെത്തിയിരുന്നു. പിന്നാലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇതിന് ശേഷമാണ് എഡിജിപി എംആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്. അന്വേഷണ ഘട്ടത്തിൽ പൊലീസ് സേനയിലുണ്ടായ തർക്കമാണ് ഇപ്പോഴത്തെ നടപടിക്ക് കാരണം എന്നാണ് വിവരം. സംഭവത്തിൽ ഗ്രേഡ് എസ്ഐയായ മറ്റൊരാൾക്കെതിരെയും നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് കോഴിക്കോട് ജില്ലാ പൊലീസ് മേധാവി പുറത്തിറക്കും.
സംസ്ഥാനത്തെ മികച്ച പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളെന്ന് പേരെടുത്തയാളാണ് ഐജി പി വിജയൻ. എന്നാൽ എറണാകുളം ഐജിയായ ശേഷം ഇദ്ദേഹത്തെ പ്രധാനപ്പെട്ട ചുമതലകളിൽ നിയോഗിച്ചിരുന്നില്ല. ഇതിന് പിന്നിൽ സംസ്ഥാന പൊലീസ് സേനയിലെ ആഭ്യന്തര തർക്കങ്ങളും കാരണമാണെന്നാണ് വിവരം. എലത്തൂർ ട്രെയിൻ ആക്രമണ കേസ് റിപ്പോർട്ട് ചെയ്ത ഘട്ടത്തിൽ സംസ്ഥാനത്തെ തീവ്രവാദ വിരുദ്ധ സേനയുടെ മേധാവി ഐജി പി വിജയനായിരുന്നു. കേസന്വേഷണം എൻഐഎ ഏറ്റെടുത്തതിന് പിന്നാലെ അദ്ദേഹത്തെ ചുമതലയിൽ നിന്ന് നീക്കിയിരുന്നു. ആ സമയത്ത് പൊതുമേഖലാ സ്ഥാപനമായ കേരളാ ബുക്സ് ആന്റ് പബ്ലിക്കേഷൻസിന്റെ എംഡിയുമായിരുന്നു ഐജി പി വിജയൻ. ഈ ചുമതലയിൽ നിന്നും അദ്ദേഹത്തെ നീക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam