
ദില്ലി: ദില്ലിയിൽ എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിന്‍റെ വേരുകൾ തേടി കേരള പൊലീസ് സംഘം. ഇതുവരെ 8 പേരെയാണ് ദില്ലിയിൽ കേരള പൊലീസ് സംഘം ചോദ്യം ചെയ്തത്. ആറ് മാസത്തിനിടെ ഷാരൂഖ് ബന്ധപ്പെട്ടവരെ തിരിച്ചറിയാനാണ് പൊലീസിന്‍റെ ശ്രമം. ഇതിനായി ഇയാളുടെ കോൾ റെക്കോർഡ് ഡേറ്റ പരിശോധിച്ച് വിവരം എടുത്തിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം, കേരളത്തിലെത്തിച്ച ഷാറൂഖ് സെയ്ഫിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. കോഴിക്കോട് മാലൂർക്കുന്ന് പൊലീസ് ക്യാമ്പിലാണ് ഇയാളെ ചോദ്യം ചെയ്യുക. ഇന്ന് പുലർച്ചയോടെയാണ് പ്രതിയെ കേരളത്തിൽ എത്തിച്ചത്. എഡിജിപി എം ആർ അജിത്ത് കുമാറും ഐജി നീരജ് കുമാറും ക്യാമ്പിലെത്തി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ് പാൽ മീണയും പൊലീസ് ക്യാമ്പിലെത്തിയിട്ടുണ്ട്. ഷാറൂഖിനെ കൊണ്ടുവരുമ്പോൾ പൊലീസിന്റെ ഭാഗത്ത് ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ഉണ്ടായത്. പ്രതിക്കെതിരെ യുഎപിഎ ചുമത്തിയേക്കും എന്നാണ് വിവരം. കോടതിയിൽ ഹാജരാക്കും മുമ്പ് ഇതിന് തീരുമാനം ഉണ്ടാകും. സെക്ഷൻ 15, 16 എന്നിവയാണ് ചുമത്തുക.
അതിനിടെ, ഷാറൂഖിനെ കേരളത്തിലേക്ക് എത്തിക്കുന്ന യാത്രയ്ക്കിടെ പൊലീസിന്റെ ഭാഗത്ത് ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായി എന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്രതിയെ കൊണ്ടുവന്ന വാഹനത്തിന്റെ ടയർ പഞ്ചറായി. കണ്ണൂർ മേലൂരിന് സമീപം കാടാച്ചിറയിൽ വച്ചാണ് ടയർ പഞ്ചറായത്. ഒരു മണിക്കൂറിലധികം ഇവിടെ കിടന്ന ശേഷമാണ് വേറൊരു വാഹനമെത്തിച്ച് പ്രതിയെ അതില്‍ കയറ്റി കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. പ്രതിയുമായി വഴിയില്‍ കിടന്ന വാഹനത്തിന് എടക്കാട് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam